ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന ഉന്നതതല യോഗം ആരംഭിച്ചു. സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂൺ 3 ലേക്ക് മാറ്റിവച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Read more: 12-ാം ക്ലാസ് പരീക്ഷ; കഴിഞ്ഞ വർഷത്തെ പോളിസി തുടരണമെന്ന് സുപ്രീം കോടതി
കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികളിൽ നിന്ന് പിന്നോട്ട് പോകുന്നുവെങ്കിൽ അതിനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.