ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ 85ാമത്തേയും ഈ വര്‍ഷത്തെ ആദ്യത്തെയും പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11.30നാണ് പരിപാടി.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 74-ാം വാർഷിക ദിനത്തിൽ നടക്കുന്ന മൻ കി ബാത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള ഗാന്ധിയുടെ സംഭാവനകളെ അനുസ്‌മരിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക.
മൻ കി ബാത്ത് ശ്രവിക്കാനായി ബിജെപി പ്രവർത്തകർ രാജ്യമെങ്ങും പ്രത്യേക തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. മൻ കി ബാത്തിന്‍റെ പുതിയ എപ്പിസോഡിനായുള്ള ആശയങ്ങൾ പങ്കിടാൻ നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 26ന് ആയിരുന്നു പ്രധാനമന്ത്രിയുടെ അവസാന മൻ കി ബാത്ത്. അവസാന മൻ കി ബാത്തിൽ കൊവിഡ് ഉൾപ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംവദിച്ചിരുന്നു.
എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' ന്‍റെ സംപ്രേക്ഷണം. ഓള്‍ ഇന്ത്യ റോഡിയോ, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും നരേന്ദ്ര മോദി മൊബൈൽ ആപ്പിലും പ്രക്ഷേപണം ചെയ്യും. പരിപാടിയുടെ ആദ്യ എപ്പിസോഡ് 2014 ഒക്ടോബർ 3നാണ് സംപ്രേക്ഷണം ചെയ്‌തത്.