ഹൈദരാബാദ് : ഡിസംബർ 11 ന്, അനുച്ഛേദം 370, 35 (എ) റദ്ദാക്കിയത് സംബന്ധിച്ച് ഇന്ത്യയുടെ സുപ്രീം കോടതി ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചു. ഓരോ ഇന്ത്യക്കാരനും വിലമതിക്കുന്ന ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും വിധിയിലൂടെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നു. 2019 ആഗസ്‌റ്റ് 5-ന് എടുത്ത തീരുമാനം ഭരണഘടനാപരമായ ഏകീകരണം വർധിപ്പിക്കാനാണ്, ശിഥിലീകരണത്തിനുവേണ്ടിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആർട്ടിക്കിൾ 370 ശാശ്വതമല്ലെന്നും കോടതി അംഗീകരിച്ചു.
ജമ്മു, കശ്‌മീർ, ലഡാക് എന്നിവിടങ്ങളിലെ അതിമനോഹരമായ ഭൂപ്രകൃതികൾ, ശാന്തമായ താഴ്‌വരകൾ, ഗംഭീരമായ പർവതങ്ങൾ എന്നിവ തലമുറകളായി കവികളുടെയും കലാകാരന്മാരുടെയും സാഹസികരുടെയും ഹൃദയം കവരുന്നു. ഹിമാലയം ആകാശത്തോളം മുട്ടുന്ന, തടാകങ്ങളിലെയും നദികളിലെയും നിർമ്മലമായ ജലം സ്വർഗത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥലമാണിത്. എന്നാൽ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഈ പ്രദേശം വലിയ അക്രമങ്ങൾക്കും അസ്ഥിരതയ്ക്കും സാക്ഷ്യം വഹിക്കുകയാണ്.
നിർഭാഗ്യവശാൽ, നൂറ്റാണ്ടുകളായുള്ള കോളനിവത്കരണം, പ്രത്യേകിച്ച് സാമ്പത്തികവും മാനസികവുമായ കീഴടങ്ങൽ നമ്മെ ഒരുതരം ആശയക്കുഴപ്പത്തിലുള്ള സമൂഹമാക്കി മാറ്റി. അടിസ്ഥാന കാര്യങ്ങളിൽ വ്യക്തമായ നിലപാട് എടുക്കുന്നതിനുപകരം നാം ദ്വൈതത അനുവദിച്ചു, ഇത് ആശയക്കുഴപ്പത്തിലേക്ക് നയിച്ചു. ദുഃഖകരമെന്നു പറയട്ടെ, ജമ്മു കശ്‌മീർ അത്തരമൊരു മാനസികാവസ്ഥയുടെ ഇരയായി. സ്വാതന്ത്ര്യ സമയത്ത് ദേശീയോദ്ഗ്രഥനത്തിന് ഒരു പുതിയ തുടക്കം കുറിക്കാനുള്ള അവസരമുണ്ടായിരുന്നു നമുക്ക്. എന്നാൽ അതിനുപകരം ദീർഘകാലത്തേക്കുള്ള ദേശീയ താൽപര്യങ്ങൾ അവഗണിച്ചുകൊണ്ട് ആശയക്കുഴപ്പത്തിലായ സമീപനം തുടരാനാണ് നമ്മൾ തീരുമാനിച്ചത്.
എൻ്റെ ജീവിതത്തിന്‍റെ തുടക്കം മുതല്‍ തന്നെ ജമ്മു കശ്‌മീര്‍ ആന്ദോളനുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചു. ജമ്മു കശ്‌മീര്‍ കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമായി കാണുന്ന പ്രത്യയശാസ്ത്ര ചട്ടക്കൂടിലല്ല ഞാൻ ഉൾപ്പെടുന്നത്. അത് സമൂഹത്തിന്‍റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യൽ ആയിരുന്നു. ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് നെഹ്‌റു മന്ത്രിസഭയിൽ ഒരു സുപ്രധാന പദവി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ദീർഘകാലം സർക്കാരിൽ തുടരാമായിരുന്നു. എന്നിട്ടും കാശ്‌മീർ പ്രശ്‌നം വന്നപ്പോൾ അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോരുകയും തന്‍റെ ജീവൻ പണയം വച്ചുകൊണ്ട് കഠിനമായ പാത തെരഞ്ഞെടുക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ പ്രയത്നവും ത്യാഗവും കോടിക്കണക്കിന് ഇന്ത്യക്കാരെ കശ്‌മീർ വിഷയത്തിലേക്ക് വൈകാരികമായി അടുപ്പിക്കാൻ കാരണമായി. വർഷങ്ങൾക്ക് ശേഷം, ശ്രീനഗറിലെ ഒരു പൊതുയോഗത്തിൽ വച്ച് അടൽ ജി "ഇൻസാനിയത്ത്", "ജംഹൂരിയത്ത്", "കാശ്‌മീരിയത്ത്" എന്നിങ്ങനെ ശക്തമായ സന്ദേശം നൽകി. അത് വലിയ പ്രചോദനത്തിൻ്റെ ഉറവിടമായിരുന്നു.
ജമ്മു കശ്‌മീരിൽ സംഭവിച്ചത് നമ്മുടെ രാജ്യത്തോടും അവിടെ ജീവിക്കുന്നവരോടും വലിയ വഞ്ചനയാണെന്ന് എല്ലായ്‌പ്പോഴും ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. ഈ കളങ്കം, ജനങ്ങളോട് ചെയ്‌ത ഈ അനീതി ഇല്ലാതാക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നത് എൻ്റെ ശക്തമായ ആഗ്രഹമായിരുന്നു. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ വേണ്ടി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.
വളരെ അടിസ്ഥാനപരമായി പറഞ്ഞാൽ, ആർട്ടിക്കിൾ 370 ഉം 35 (എ) ഉം വലിയ തടസങ്ങളായിരുന്നു, അതിന്‍റെ ഫലമായി ദുരിതമനുഭവിക്കുന്നവർ ദരിദ്രരും അധഃസ്ഥിതരുമാണ്. തങ്ങളുടെ സഹ ഇന്ത്യക്കാർക്ക് ലഭിച്ച അവകാശങ്ങളും വികസനവും ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് ഒരിക്കലും ലഭിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. ഈ ആർട്ടിക്കിളുകൾ കാരണം, ഒരേ രാജ്യത്തിൽപ്പെട്ട ആളുകൾക്കിടയിൽ ഒരു അകലം സൃഷ്‌ടിക്കപ്പെട്ടു. തൽഫലമായി, ജമ്മു കശ്‌മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കാൻ ആഗ്രഹിച്ച പലർക്കും അതിന് കഴിയാതെ പോയി.
കഴിഞ്ഞ നിരവധി ദശാബ്‌ദങ്ങളായി ഈ വിഷയം അടുത്ത് കണ്ടിട്ടുള്ള ഒരു പ്രവർത്തകൻ എന്ന നിലയിൽ, അതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രത്യേകതകളെയും സങ്കീർണ്ണതകളെയും കുറിച്ച് എനിക്ക് സൂക്ഷ്‌മമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും എനിക്ക് ഒരു കാര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായി, ജമ്മു കാശ്‌മീർ ജനത വികസനം ആഗ്രഹിക്കുന്നു, അവരുടെ ശക്തിയും കഴിവും അടിസ്ഥാനമാക്കി ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു. അക്രമത്തിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും മുക്തി ആഗ്രഹിക്കുന്നു. അവരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും അവർ ആഗ്രഹിക്കുന്നു. അങ്ങനെ, ജമ്മു കശ്‌മീർ ജനതയെ പരിഗണിച്ചപ്പോൾ ഞങ്ങൾ മൂന്ന് കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. പൗരന്മാരുടെ ആശങ്കകൾ മനസിലാക്കുക, പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിലൂടെ വിശ്വാസം വളർത്തുക, വികസനം, വികസനം, കൂടുതൽ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുക എന്നിവക്കാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്.
2014-ൽ, ഞങ്ങൾ അധികാരമേറ്റതിന് തൊട്ടുപിന്നാലെയുണ്ടായ മാരകമായ വെള്ളപ്പൊക്കം കശ്‌മീർ താഴ്‌വരയിൽ വളരെയധികം നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. 2014 സെപ്റ്റംബറിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഞാൻ ശ്രീനഗറിൽ പോയി, പുനരധിവാസത്തിന് പ്രത്യേക സഹായമായി 1,000 കോടി രൂപ പ്രഖ്യാപിച്ചു, പ്രതിസന്ധികളിൽ ജനങ്ങളെ പിന്തുണയ്ക്കാനുള്ള നമ്മുടെ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയെ പ്രകടമാക്കി. അവിടെ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള ആളുകളെ കണ്ടുമുട്ടാൻ എനിക്ക് അവസരം ലഭിച്ചു, ഇതിലൂടെയെല്ലാം ഒരുകാര്യം മനസിലാക്കാനായി, ജനങ്ങൾ വികസനം മാത്രമല്ല, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു. അതേ വർഷം, ജമ്മു കശ്‌മീരിൽ ഞങ്ങൾക്ക് നഷ്‌ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ദീപാവലി ദിനത്തിൽ കശ്‌മീരിലെത്താൻ തീരുമാനിക്കുകയും ചെയ്‌തു.
ജമ്മു കശ്‌മീരിന്‍റെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്താന്‍, മന്ത്രിമാർ ഇടയ്ക്കിടെ അവിടെ പോയി ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ പതിവ് സന്ദർശനങ്ങളും ജനപ്രീതി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2014 മെയ് മുതൽ 2019 മാർച്ച് വരെ അവിടെ 150-ലധികം മന്ത്രിതല സന്ദർശനങ്ങൾ നടന്നു. ഇത് തന്നെ ഒരു റെക്കോർഡാണ്. 2015 ലെ പ്രത്യേക പാക്കേജ് ജമ്മു കശ്‌മീരിന്‍റെ വികസന ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, ടൂറിസം പ്രോത്സാഹനം, കരകൗശല വ്യവസായത്തിനുള്ള പിന്തുണ എന്നിവയ്ക്കുള്ള സംരംഭങ്ങൾ ഇതിൽ അടങ്ങിയിരുന്നു.
യുവാക്കളുടെ സ്വപ്‌നങ്ങൾക്ക് തീ കൊളുത്താനുള്ള സ്‌പോർട്‌സിന്‍റെ കഴിവ് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ അതിന്‍റെ ശക്തി പ്രയോജനപ്പെടുത്തി. കായിക സംരംഭങ്ങളിലൂടെ, അവരില്‍ അത്‌ലറ്റിക്‌സിന്‍റെ സ്വാധീനം വളരുന്നതിനും ഞങ്ങൾ സാക്ഷ്യം വഹിച്ചു. കായിക വേദികൾ നവീകരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും പരിശീലകരെ ലഭ്യമാക്കുകയും ചെയ്‌തു. പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഏറ്റവും സവിശേഷമായ ഒരു കാര്യം. ഫലങ്ങൾ അത്ഭുതാവഹമായിരുന്നു. ഇത് പറയുമ്പോൾ പ്രതിഭാധനനായ ഫുട്ബോൾ താരം അഫ്ഷാൻ ആഷിഖിൻ്റെ പേര് എൻ്റെ മനസിൽ വരുന്നു. 2014 ഡിസംബറിൽ ശ്രീനഗറിലെ ഒരു കല്ലേറ് സംഘത്തിൻ്റെ ഭാഗമായിരുന്നു അവൾ, എന്നാൽ ശരിയായ പ്രോത്സാഹനത്തോടെ അവൾ ഫുട്ബോളിലേക്ക് തിരിയുകയും, അവളെ പരിശീലനത്തിന് അയയ്ക്കുകയും കളിയിൽ മികവ് പുലർത്തുകയും ചെയ്‌തു. ഫിറ്റ് ഇന്ത്യ പരിപാടിയിൽ അവളുമായി സംസാരിച്ചത് ഞാൻ ഓർക്കുന്നു. അവിടെ “ബെക്കാമിനെപ്പോലെ വളയുക” എന്നതിന് അപ്പുറത്തേക്ക് നീങ്ങേണ്ട സമയമാണിതെന്ന് ഞാൻ പറഞ്ഞു, കാരണം അത് ഇപ്പോൾ “അഫ്ഷാനെപ്പോലെ മിടുക്കിയാകുക” എന്നാണ്. മറ്റ് ചെറുപ്പക്കാർ കിക്ക്ബോക്‌സിംഗിലും കരാട്ടെയിലും മറ്റും തിളങ്ങാൻ തുടങ്ങി.
പ്രദേശത്തിൻ്റെ സർവതോന്മുഖമായ വികസനത്തിനുള്ള നിർണായക നിമിഷം കൂടിയായിരുന്നു അവിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഒന്നുകിൽ അധികാരത്തിൽ തുടരുക, അല്ലെങ്കിൽ ഞങ്ങളുടെ തത്ത്വങ്ങളിൽ നിലകൊള്ളുക എന്ന പ്രതിസന്ധിയെ അവിടെ ഞങ്ങൾ ഒരിക്കൽ കൂടി നേരിട്ടു. എന്നിട്ട് ആ തെരഞ്ഞെടുപ്പിനെ ഞങ്ങൾ അഭിമുഖീകരിച്ചു. തെരഞ്ഞെടുപ്പ് ഒരിക്കലും കഠിനമായിരുന്നില്ല, ഞങ്ങളുടെ ആദർശങ്ങൾക്കുവേണ്ടി ഞങ്ങൾ ഒരു സർക്കാരിനെ ഉപേക്ഷിച്ചു. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് മുൻഗണന നൽകി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഈയവസരത്തിൽ ഗ്രാമ മുഖ്യന്മാരുമായി നടത്തിയ ആശയവിനിമയം ഞാൻ ഓർക്കുന്നു. മറ്റ് കാര്യങ്ങൾ പറയുന്നതിനൊപ്പം ഞാൻ അവരോട് ഒരു അഭ്യർഥന നടത്തി - ഒരു ഘട്ടത്തിലും സ്‌കൂളുകൾ കത്തിക്കരുത്, അത് ഉറപ്പാക്കണം. ഇത് പാലിക്കപ്പെട്ടതിൽ ഞാൻ സന്തോഷിച്ചു. എല്ലാത്തിനുമുപരി, സ്‌കൂളുകൾ കത്തിച്ചാൽ, ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്.
2019 ഓഗസ്‌റ്റ് 5, ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിലും മനസിലും പതിഞ്ഞിരിക്കുന്നു. അന്ന് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ചരിത്രപരമായ തീരുമാനം പാർലമെന്‍റ് പാസാക്കി. അതിനുശേഷം ജമ്മു, കാശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. 2023 ഡിസംബറിൽ ജുഡീഷ്യൽ വിധി വന്നെങ്കിലും ഇതിനകം തന്നെ ജമ്മു, കാശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഉടനീളമുള്ള വികസന തരംഗങ്ങൾ കണ്ട ജനങ്ങളുടെ കോടതി ഞങ്ങൾക്ക് തംബ്‌സ് അപ്പ് നൽകി.
രാഷ്ട്രീയ തലത്തിൽ, കഴിഞ്ഞ നാല് വർഷം നടന്ന പ്രവർത്തനങ്ങൾ താഴെത്തട്ട് മുതലുള്ള ജനാധിപത്യത്തിൽ നവ വിശ്വാസം അടയാളപ്പെടുത്തിയിരിക്കുന്നു. സ്ത്രീകൾ, പട്ടികജാതി-പട്ടിക വർഗ സമൂഹത്തിലെ പാർശ്വവത്‌കരിക്കപ്പെവർ എന്നിവർക്ക് അർഹമായത് ലഭിച്ചിരുന്നുള്ള. അതേസമയം, ലഡാക്കിൻ്റെ അഭിലാഷങ്ങൾ അവഗണിക്കപ്പെട്ടു. എന്നാൽ 2019 ഓഗസ്റ്റ് 5 ന് അതെല്ലാം മാറ്റപ്പെട്ടു. എല്ലാ കേന്ദ്ര നിയമങ്ങളും ഇപ്പോൾ അവിടെ ബാധകമാണ്. ജന പ്രാതിനിധ്യവും കൂടുതൽ വ്യാപകമാണ്. അവിടങ്ങളിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നു. ബ്ലോക് തല തെരഞ്ഞെടുപ്പ് നടന്നു, ഇതിലൂടെയെല്ലാം എല്ലാം മറന്നുപോയ അഭയാർഥി സമൂഹങ്ങൾ വികസനത്തിൻ്റെ ഫലം ആസ്വദിക്കാൻ തുടങ്ങി.
പ്രധാന കേന്ദ്ര ഗവൺമെൻ്റ് പദ്ധതികൾ സാച്ചുറേഷൻ ലെവല്‍ കൈവരിച്ചു, അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു. സൗഭാഗ്യ, ഉജ്ജ്വല പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഭവന നിർമാണം, ടാപ്പ് വാട്ടർ കണക്ഷൻ എന്നിവയിൽ കുതിച്ചുചാട്ടം നടത്തി. ആരോഗ്യ സംരക്ഷണം മറ്റൊരു ഒരു പ്രധാന വെല്ലുവിളിയായിരുന്നു, അടിസ്ഥാന സൗകര്യ വികസിപ്പിച്ച് അതിനെ മറികടക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. എല്ലാ വില്ലേജുകളും ഒഡിഎഫ് പ്ലസ് സ്ഥിതിവിവരക്കണക്ക് നേടി. അഴിമതിയുടെയും പ്രീണനത്തിന്‍റെയും ഗുഹയായിരുന്ന സർക്കാർ ജോലി ഒഴിവുകൾ സുതാര്യമായും പ്രക്രിയാധിഷ്‌ഠിതമായും നികത്തപ്പെട്ടു. ശിശുമരണ നിരക്കുകൾ പോലുള്ള മറ്റ് സൂചകങ്ങൾ മെച്ചപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും ടൂറിസത്തിൻ്റെയും ഉത്തേജനം എല്ലാവർക്കും കാണാവുന്നതാണ്. ഇതിൻ്റെ ക്രെഡിറ്റ് സ്വാഭാവികമായും ജമ്മു കശ്‌മീരിലെ ജനങ്ങളുടെ സഹിഷ്‌ണുതയ്ക്കാണ്, അവർ വികസനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഈ നല്ല മാറ്റത്തിന്‍റെ ചാലകങ്ങളാകാൻ തയ്യാറാണെന്നും അവര്‍ ആവർത്തിച്ച് തെളിയിക്കുന്നു. ജമ്മു, കശ്‌മീർ, ലഡാക്ക് എന്നിവയുടെ പദവി സംബന്ധിച്ച് നേരത്തെ ഒരു ചോദ്യചിഹ്നം ഉണ്ടായിരുന്നു. ഇപ്പോൾ റെക്കോർഡ് വളർച്ച, വികസനം, വിനോദസഞ്ചാരികളുടെ വരവ് എന്നിവയെക്കുറിച്ച് ആശ്ചര്യ ചിഹ്നങ്ങൾ മാത്രമേയുള്ളൂ.
ഡിസംബർ 11-ലെ വിധിയിലൂടെ സുപ്രീം കോടതി "ഏക് ഭാരത്, ശ്രേഷ്‌ഠ ഭാരത്" എന്ന ആശയം ശക്തിപ്പെടുത്തി. നമ്മെ നിർവചിക്കുന്നത് ഐക്യത്തിന്‍റെ ബന്ധനങ്ങളാണെന്നും, നല്ല ഭരണത്തോടുള്ള പ്രതിബദ്ധതയാണെന്നും അത് നമ്മെ ഓർമ്മിപ്പിച്ചു. ഇന്ന്, ജമ്മു, കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ കുട്ടിയും വൃത്തിയുള്ള ക്യാൻവാസുമായാണ് ജനിക്കുന്നത്, അവിടെ അവന് അല്ലെങ്കിൽ അവൾക്ക് ഊർജ്ജസ്വലമായ അഭിലാഷങ്ങൾ നിറഞ്ഞ ഒരു ഭാവി വരയ്ക്കാൻ കഴിയും. ഇന്ന് ജനങ്ങളുടെ സ്വപ്‌നങ്ങൾ ഭൂതകാലത്തിന്‍റെ തടവറയല്ല, ഭാവിയിലേക്കുള്ള സാധ്യതകളെക്കുറിച്ചാണ് അവ. എല്ലാത്തിനുമുപരി മോഹഭംഗം, നിരാശ, വിഷാദം എന്നിവയെ വികസനവും ജനാധിപത്യം അന്തസ് എന്നിവയാൽ പുനഃസ്ഥാപിച്ചു.