ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ തുടക്കത്തില്‍ കയ്‌പേറിയതായി തോന്നുമെങ്കിലും പിന്നീട് അവ മധുരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം ബെംഗളൂരുവില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
സ്വകാര്യ മേഖലയ്‌ക്കും, സര്‍ക്കാര്‍, മേഖലയ്‌ക്കും ഒരേ പ്രാധാന്യമാണുള്ളത്. രണ്ടിടങ്ങളിലും തുല്യ അവസരങ്ങളാണുള്ളത്. ആളുകളുടെ സ്വകാര്യ സംരംഭങ്ങളെക്കുറിച്ച് നല്ലത് പറയാത്ത ആളുകളുടെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സമ്പത്തും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുന്നവരാണ് നമ്മുടെ ശക്തി. സ്‌റ്റാര്‍ട്ട് അപ്പ് യൂണികോണുകള്‍ 12 ലക്ഷം കോടി രൂപയാണ്. നേരത്തെ 800 ദിവസത്തിനുള്ളിൽ 10,000 യൂണികോണുകൾ ഉയർന്നുവന്നു. എന്നാൽ, ഇപ്പോൾ 200 ദിവസങ്ങൾക്കുള്ളിൽ 10,000 യൂണികോണുകൾ രൂപം കൊണ്ടു. "ഏക് ഭാരത് ശ്രേഷ്‌ഠ് ഭാരത്" എന്ന പദ്ധതിയുടെ പ്രതിഫലനമാണ് ബെംഗളൂരുവിലുണ്ടാതെന്നും മോദി പറഞ്ഞു.
15,767 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിക്കും ഇന്ന പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. സബർബൻ റെയിൽവേ പദ്ധതിയുടെ പ്രോജക്‌ട് ഫയൽ 17 വർഷമായി മുടങ്ങിക്കിടക്കുന്നതിന് മുൻ സർക്കാരുകളെ വിമർശിച്ച മോദി, ബെംഗളൂരുവിൽ റെയിൽ, മെട്രോ, റോഡുകൾ, മേൽപ്പാലങ്ങൾ എന്നിവ നിർമ്മിച്ച് യാത്രാ സമയം കുറയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പായാല്‍ നഗരത്തിലെ തിരക്കിന് ശമനമാകുമെന്നും മോദി പറഞ്ഞു.