ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഈ ആഴ്‌ച തുടക്കമാകും. സെപ്‌റ്റംബർ 22ന് വാഷിങ്ടണിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് മാരത്തൺ ചർച്ചകൾ. വിവിധ ഉന്നതതലയോഗത്തിൽ പങ്കെടുക്കുന്ന മോദി യുഎസിലെ പ്രധാന സിഇഒമാരുമായി കൂടിക്കാഴ്‌ച നടത്തും.
യുഎസ് വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമല ഹാരീസ്, ആപ്പിൾ ചീഫ് ടിം കുക്ക് തുടങ്ങിയവരുമായി മോദി കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചകളുടെ കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
മോദി-ബൈഡൻ ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇരുവരുടെയും നേരിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയാകും ഇത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ തുടങ്ങിയവരുമായും നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തിയേക്കും. പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
അമേരിക്കൻ സന്ദർശനത്തിലുള്ള യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും മോദി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ട്. സെപ്‌റ്റംബർ 24 വൈകുന്നേരം ന്യൂയോർക്കിലേക്ക് പോകുന്ന നരേന്ദ്ര മോദി യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കും.
ALSO READ: റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: പുടിന്‍റെ പാര്‍ട്ടിയ്ക്ക് മേല്‍ക്കൈ