ന്യൂഡൽഹി : സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (സിബിഐ) പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻവി രമണ, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് ആധിര്‍ രഞ്ജൻ ചൗധരി എന്നിവരാണ് സമിതി അംഗങ്ങൾ.
സിബിഐ ഡയറക്ടർ ആയിരുന്ന ആർകെ ശുക്ല ഫെബ്രുവരി രണ്ടിന് വിരമിച്ചിരുന്നു. നിലവിൽ 1988 ബാച്ചിലെ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രവീൺ സിൻഹയാണ് ആക്ടിംഗ് സിബിഐ മേധാവി. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സിബിഐ ഡയറക്ടർക്ക് രണ്ട് വർഷമാണ് കാലാവധി.
Also read: രാജ്യത്ത് 2,57,299 പേർക്ക് കൊവിഡ്; മരണം 4194
1984-87 ബാച്ചുകളിലെ ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബി.എസ്.എഫ്, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മേധാവി രാകേഷ് അസ്താനയാണ്. എൻ.ഐ.എ മേധാവി വൈ.സി മോദി, ഐ.ടി.ബി.പി എസ്.എസ്. ഡയറക്ടര്‍ ജനറല്‍ ദേശ്വാൽ, സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുബോധ് ജയ്‌സ്വാൾ, ഉത്തർപ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി, ചീഫ് ഓഫ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അരുൺ കുമാർ എന്നിവരും പട്ടികയിലുണ്ട്.
ഈ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ ഡയറക്ടറെ നിയമിക്കുന്നതിൽ കാലതാമസം വരുത്തിയതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സെലക്ഷൻ കമ്മിറ്റി യോഗം മെയ് രണ്ടിന് മുമ്പ് നടത്തണമെന്ന് കഴിഞ്ഞ മാസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.