ന്യൂഡല്‍ഹി: ഇന്ത്യയെ (India) മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങളുമായും (Middle East Nations) യൂറോപ്പുമായും (Europe) ബന്ധിപ്പിക്കുന്ന വാണിജ്യ ഇടനാഴി (Connectivity Corridor) ഉടന്‍ യാഥാര്‍ഥ്യമാകും. ന്യൂഡല്‍ഹി ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയില്‍ (G20 Summit) ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്ര നേട്ടമാണ് ഈ ഇടനാഴി പ്രഖ്യാപനം. ഇന്ത്യ, യുഎഇ (UAE), സൗദി അറേബ്യ (Saudi Arabia), ഫ്രാന്‍സ് (France), ഇറ്റലി (Italy), ജര്‍മനി (Germany), യുഎസ് (US) എന്നീ രാജ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള ചരിത്രപരവും ആദ്യത്തേതുമായ കൈകോര്‍ക്കല്‍ കൂടിയാവും ഇത്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള റെയില്‍, കപ്പല്‍ ഗതാഗത സംവിധാനമൊരുക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
പ്രഖ്യാപനമെത്തിയത് ഇങ്ങനെ: ഇന്ന് നാമെല്ലാം സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തിൽ എത്തിയിരിക്കുന്നുവെന്നറിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക ഇടനാഴി പ്രഖ്യാപനം നടത്തുന്നത്. മനുഷ്യ സംസ്‌കാരത്തിന്‍റെ വികസനത്തിനായി ശക്തമായ പരസ്‌പര ബന്ധവും അടിസ്ഥാന സൗകര്യങ്ങളുടെ അടിത്തറയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തിന് ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. നമ്മള്‍ വിശ്വസിക്കുന്നത് വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലാണെന്ന് അത് ബിസിനസിലൂടെ മാത്രമല്ലെന്നും പരസ്‌പര വിശ്വാസത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
![India Middle East Europe Corridor India Middle East Europe Corridor Connectivity Corridor ഇന്ത്യ മിഡില്‍ ഈസ്‌റ്റ് യൂറോപ്പ് ഗതാഗത ഇടനാഴി ജി20 ഉച്ചകോടി ഇടനാഴി യുഎഇ സൗദി അറേബ്യ ഫ്രാന്‍സ് ഇറ്റലി ജര്‍മനി യുഎസ് G20 Summit](https://etvbharatimages.akamaized.net/etvbharat/prod-images/09-09-2023/19471871_yughu9jio.jpg)
അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള വിധേയത്വം, എല്ലാ രാഷ്‌ട്രങ്ങളുടെയും പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം തുടങ്ങിയ തത്വങ്ങളില്‍ ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യടിച്ച് 'ലോകം': പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയ ഉടനെ തന്നെ ഇതൊരു വലിയ കാര്യമാണെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം. തൊട്ടുപിന്നാലെ വാണിജ്യ ഇടനാഴി പ്രഖ്യാപനത്തെ അഭിനന്ദിച്ച് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമെത്തി. ഈ യോഗം സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്കും വേദി പങ്കിട്ടതിന് പ്രസിഡന്‍റ് ബൈഡനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ കമ്മിഷനുമായി ചേർന്ന് ഈ പാതയില്‍ നിക്ഷേപം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഏഷ്യയിൽ നിന്ന് മിഡിൽ ഈസ്‌റ്റ് വഴി യൂറോപ്പിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഈ പദ്ധതി, ജനങ്ങളെ ബന്ധിപ്പിക്കുന്നതും വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണെന്നും അദ്ദേഹം അറിയിച്ചു.
ഉച്ചകോടി പ്രഖ്യാപിച്ച വാണിജ്യ ഇടനാഴി പദ്ധതിയുടെയും പൂര്‍ണത തങ്ങൾ പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. ഇതിന് പിന്നില്‍ തങ്ങള്‍ക്കൊപ്പം പ്രവർത്തിച്ചവർക്ക് നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നതായും മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു. ഇന്ത്യ-മിഡിൽ ഈസ്‌റ്റ്-യൂറോപ്പ് വാണിജ്യ ഇടനാഴി ആരംഭിക്കുന്നതിനെ ചരിത്രപരമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ എന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും കൂട്ടിച്ചേര്‍ത്തു.