മോപ (ഗോവ): ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപയിലെ ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്‌തു. അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനോടുള്ള ആദര സൂചകമായി മനോഹർ അന്താരാഷ്‌ട്ര വിമാനത്താവളം എന്നാണ് പുതിയ വിമാനത്താവളത്തിന് പേര് നൽകിയിരിക്കുന്നത്. 2016 നവംബറിൽ തറക്കല്ലിട്ട വിമാനത്താവളം 2,870 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്.
ഗോവൻ ജനതയിൽ നിന്ന് ലഭിച്ച സ്നേഹം തിരികെ നൽകാനുള്ള ഒരു ശ്രമമാണ് വിമാനത്താവളത്തിലൂടെ സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'സംസ്ഥാനത്തിന് മറ്റൊരു വിമാനത്താവളം കൂടി വേണമെന്നത് ഗോവയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. അടൽജിയുടെ (അടൽ ബിഹാരി വാജ്‌പേയി) സർക്കാരിന്‍റെ കാലത്താണ് ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തത്.
എന്നാൽ അതിനുശേഷം പദ്ധതിയിൽ വലിയ പുരോഗതി ഉണ്ടായില്ല. പിന്നാലെ 2016 ൽ ഞങ്ങൾ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കൊവിഡ് മഹാമാരിയുടെ വെല്ലുവിളികൾ അതിജീവിച്ച് വിമാനത്താവളം തയ്യാറായിക്കഴിഞ്ഞു. നിങ്ങളുടെ ഇടയിലേക്ക് വരാൻ അവസരം ലഭിച്ചപ്പോഴെല്ലാം നിങ്ങൾ നൽകുന്ന സ്‌നേഹം ഇരട്ടിയായി തിരികെ നൽകുമെന്ന് ഞാൻ വാക്കുനൽകിയിരുന്നു. ഈ വിമാനത്താവളം നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹം തിരികെ നൽകാനുള്ള ഒരു ശ്രമമാണ്', മോദി കൂട്ടിച്ചേർത്തു.
അതേസമയം ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണിതെന്നും രാജ്യത്ത് ആദ്യമായാണ് ഒരു നഗരത്തിൽ രണ്ട് വിമാനത്താവളങ്ങൾ നിർമിക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മുൻ സർക്കാരിന്‍റെ കാലത്ത് ഒരു വിമാനത്താവളം പോലും നിർമിച്ചിരുന്നില്ല. എന്നാൽ ഡബിൾ എഞ്ചിനുള്ള സർക്കാരുകൾ എവിടെയുണ്ടെങ്കിലും വികസനം സാധ്യമാകുമെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.
അത്യാധുനിക സൗകര്യങ്ങൾ: ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സുസ്ഥിര അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് സോളാര്‍ പവര്‍ പ്ലാന്‍റ്, ഹരിത കെട്ടിടങ്ങള്‍, റണ്‍വേയില്‍ എല്‍ഇഡി ലൈറ്റുകള്‍, മഴവെള്ള സംഭരണി, അത്യാധുനിക മാലിന്യ സംസ്‌കരണം എന്നീ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ റീസൈക്ലിങ് സൗകര്യങ്ങളുള്ള പ്ലാന്‍റും സജ്ജമാക്കിയിട്ടുണ്ട്.
ആഭ്യന്തര, അന്തർദേശീയ യാത്രകളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി പ്രവർത്തിക്കാനും മനോഹർ ഇന്‍റർനാഷണൽ എയർപോർട്ടിന് സാധിക്കും. കൂടാതെ വിമാനത്താവളത്തിൽ മൾട്ടി മോഡൽ കണക്റ്റിവിറ്റിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്. ജനുവരി മുതൽ ഇൻഡിഗോ, ഗോഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികൾ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ഭാരമേറിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി വന്നിറങ്ങാനും പറന്ന് ഉയരാനും പാകത്തിനാണ് മോപ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. 14 പാര്‍ക്കിങ്ങ് ബേയുകള്‍, വിമാനങ്ങള്‍ക്കുള്ള രാത്രി കാല പാര്‍ക്കിങ്ങ് സൗകര്യം, സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നോർത്ത് ഗോവയിലെ 2,312 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്‍റെ നടത്തിപ്പു ചുമതല 40 വർഷത്തേക്ക് ജിഎംആർ ഗോവ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. ജനുവരിയിൽ മോപ്പയിലെ പുതിയ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ടൂറിസം മേഖലയില്‍ ഗോവ പുതിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.