ന്യൂഡല്‍ഹി: യുപിയില്‍ ഗംഗ എക്‌സ്‌പ്രസ് വേയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ തറക്കല്ലിടും. 36,200 കോടി രൂപ ചെലവില്‍ 594 കിലോ മീറ്റര്‍ ദൂരത്തില്‍ ആറ് വരി പാതയായാണ് എക്‌സ്‌പ്രസ് വേ നിര്‍മിക്കുന്നത്. 2024ലോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍.
മീററ്റിലെ ബിജൗരിയില്‍ നിന്നും ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്‌രാജിലെ ജുദാപൂര്‍ വരെ നീളും. മീററ്റ്, അംറോഹ, ബുലന്ദ്ഷഹര്‍, ബദൗന്‍, ഷാഹ്ജഹാന്‍പൂര്‍, ഫാറുഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ്, പ്രയാഗ്‌രാജ് എന്നിവടങ്ങളിലൂടെ എക്‌സ്പ്രസ് വേ കടന്ന് പോകും. എക്‌സ്‌പ്രസ് വേ വരുന്നതോടെ പ്രദേശത്തെ സാമൂഹിക-സാമ്പത്തിക രംഗം വികസിക്കും. എക്‌സ്‌പ്രസ് വേയില്‍ ഒരു വ്യവസായ കോറിഡോറും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
യുപി പോലൊരു വലിയ സംസ്ഥാനത്ത് അതിവേഗ പാത വരുന്നതോടെ വ്യവസായ-വ്യാപാര-കാര്‍ഷിക-ടൂറിസം മേഖലകളില്‍ സമഗ്രമായ പുരോഗമനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ വടക്ക്-കിഴക്ക് പ്രദേശങ്ങള്‍ ബന്ധിപ്പിക്കാന്‍ എക്‌സ്‌പ്രസ് വേ സഹായകരമാകും.
Also Read: നൂറ് കടന്ന് രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
ഷാഹ്ജഹാന്‍പൂരില്‍ എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം 3.5 കിലോ മീറ്റര്‍ നീളത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനങ്ങള്‍ക്ക് അടിയന്തരമായി ഇറങ്ങാനും പറക്കാനും സൗകര്യമുള്ള ഒറു എയര്‍ സ്‌ട്രിപ്പും നിര്‍മിക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറയിച്ചു. 2020 നവംബര്‍ 26നാണ് ഗംഗ എക്‌സ്‌പ്രസ് വേയ്‌ക്ക് അനുമതി ലഭിക്കുന്നത്.