ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ വിവിധ മേഖലകളിലെ സഹകരണം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും ചര്‍ച്ച നടത്തി. ഫോണിലൂടെയായിരുന്നു ഇരു പ്രധാനമന്ത്രിമാരുടെയും ആശയവിനിമയം. സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, കൊവിഡ് പോരാട്ടത്തില്‍ ഇരു രാജ്യങ്ങളുടെ സഹകരണം എന്നിവ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും വിലയിരുത്തി.
അതേസമയം രാജ്യത്ത് കൊവിഡിന്‍റെ അതിരൂക്ഷ വ്യാപനം തുടരുകയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3.52 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി വിദേശരാജ്യങ്ങളുമെത്തി.