ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം കെ സ്റ്റാലിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാലിന്‍ തന്‍റെ പിതാവ് എം കരുണാനിധിയുടെ പാത തന്നെയാണ് പിന്തുടര്‍ന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിനൊപ്പം 33 എംഎല്‍എ മാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെന്നൈയിലെ രാജ്ഭവനിൽ ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സ്റ്റാലിന്‍ മനസാക്ഷിയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തരം, ജനറൽ അഡ്മിനിസ്ട്രേഷൻ, സ്‌പെഷ്യൽ ഓർഗനൈസേഷൻ, ഭിന്നശേഷി സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ സ്റ്റാലിന്‍ നിര്‍വഹിക്കും.
കൂടുതല്‍ വായനയ്ക്ക്: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ; മന്ത്രിസഭയില്‍ 34 പേര്‍
അതേസമയം19 മുൻ മന്ത്രിമാരും15 പുതുമുഖങ്ങളുമാണ് സ്റ്റാലിൻ മന്ത്രിസഭയിലുള്ളത്. രണ്ട് സ്‌ത്രീകളും പുതിയ മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റാലിന്‍റെ മകൻ ഉദയാനിധി മന്ത്രിമാരുടെ പട്ടികയിൽ ഇടംനേടിയില്ല. വൻ ഭൂരിപക്ഷത്തോടെയാണ് തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുകളാണ് ഡിഎംകെ മുന്നണി നേടിയത്.