മോസ്‌കോ: വിവിധ വിഷയങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈന്‍ യുദ്ധത്തെ കുറിച്ചും റഷ്യന്‍ വാഗ്നര്‍ കൂലിപ്പട്ടാളത്തിന്‍റെ അട്ടിമറി നീക്കം പരിഹരിച്ചത് സംബന്ധിച്ച വിഷയങ്ങളെ കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് ക്രെംലിന്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. വാഗ്നര്‍ ഗ്രൂപ്പിന്‍റെ അട്ടിമറി നീക്കത്തില്‍ ക്രമസമാധാനത്തിനും രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യന്‍ ഭരണക്കൂടം സ്വീകരിച്ച് നടപടികളില്‍ നരേന്ദ്ര മോദി പിന്തുണ അറിയിച്ചതായും പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും സഹകരണത്തെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിവിധ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും നേതാക്കള്‍ സംസാരിച്ചു. 2022ലും 2023 ആദ്യത്തിലും വ്യാപാരത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതില്‍ ഇരുരാജ്യങ്ങളും സംതൃപ്‌തി രേഖപ്പെടുത്തി. അടുത്തിടെയുണ്ടായ അമേരിക്കന്‍ സന്ദര്‍ശന വേളയെ കുറിച്ചും അതിലൂടെയുണ്ടാക്കിയെടുത്ത അന്താരാഷ്‌ട്ര ബന്ധങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയെന്നും ക്രെംലിന്‍ പ്രസ്‌താവനയില്‍ പറയുന്നു.
റഷ്യയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് വ്‌ളാഡിമിര്‍ പുടിന്‍ നരേന്ദ്ര മോദിയോട് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിന്‍റെ നേതൃത്വത്തിലുണ്ടായ അട്ടിമറി നീക്കം റഷ്യയെ ഞെട്ടിച്ചു. രാജ്യ തലസ്ഥാനമായ മോസ്‌കോയ്‌ക്ക് ഏതാനും കിലോമീറ്റര്‍ അടുത്തെത്തിയതിന് ശേഷമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമുള്ള അട്ടിമറി നീക്കത്തില്‍ നിന്ന് പിന്മാറിയത്.
യുക്രൈനിന്‍റെ പ്രത്യേക സൈനിക ഓപ്പറേഷൻ സോണിലെ നിലവിലെ അവസ്ഥയെക്കുറിച്ച് റഷ്യൻ പ്രസിഡന്‍റ് പ്രധാനമന്ത്രിയോട് വിവരിച്ചു. നിലവില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ നയതന്ത്രപരമായും രാഷ്‌ട്രീയപരമായുമുള്ള നീക്കങ്ങളെ കീവ് പൂര്‍ണമായും നിരസിച്ചു. വിവിധ വിഷയങ്ങളെ കുറിച്ചുളള പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും ചര്‍ച്ച ഏറെ വസ്‌തുനിഷ്‌ഠമായിരുന്നു. ഷാങ്‌ഹായി സഹകരണ ഉച്ചകോടിയിലും ജി20 കൂട്ടായ്‌മയിലും ഇരുരാജ്യങ്ങളുടെയും സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
റഷ്യക്കെതിരെ ആയുധ നീക്കം നടത്തി വാഗ്നര്‍ ഗ്രൂപ്പ്: യുക്രൈന്‍ യുദ്ധത്തെ ചൊല്ലിയാണ് വ്‌ളാഡിമിര്‍ പുടിന്‍റെ കൂലിപ്പട്ടാളമായ വാഗ്നര്‍ റഷ്യയുമായി ഇടഞ്ഞത്. ആഭ്യന്തര മന്ത്രിയെ പുറത്താക്കണമെന്ന വാഗ്നറിന്‍റെ ആവശ്യം നിരസിച്ചതോടെയാണ് രാജ്യത്തിനെതിരെ വാഗ്നര്‍ ഗ്രൂപ്പ് വിപ്ലവം പ്രഖ്യാപിച്ചത്. വാഗ്നറിന്‍റെ ആവശ്യം തള്ളിയ റഷ്യ വാഗ്നര്‍ ഗ്രൂപ്പ് തലവനായ യെവ്‌ഗെനി പ്രഗോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി. ഇതാണ് വാഗ്നര്‍ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ റഷ്യയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. കണ്ണില്‍ കാണുന്നതെല്ലാം നസിപ്പിക്കുമെന്നും റഷ്യയുടെ തെക്കന്‍ മേഖലയില്‍ തന്‍റെ സൈന്യം എത്തിയെന്നും പ്രിഗോഷിന്‍ റഷ്യയെ അറിയിച്ചു. വാഗ്നര്‍ ഗ്രൂപ്പിന്‍റെ നീക്കത്തെ തുടര്‍ന്ന് റഷ്യന്‍ നഗരങ്ങളില്‍ സുരക്ഷയൊരുക്കിയിരുന്നു.