അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച പുനഃപരിശോധന ഹർജിയിൽ വാദം കേൾക്കുന്നത് ഗുജറാത്ത് ഹൈക്കോടതി ജൂലൈ 21ലേക്ക് മാറ്റി. ഗുജറാത്ത് സർവകലാശാലയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കെജ്‌രിവാൾ സമർപ്പിച്ച സത്യവാങ്മൂലം വായിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ബിരേൻ വൈഷ്‌ണവ് വാദം കേൾക്കുന്നത് മാറ്റിവച്ചത്.
വെള്ളിയാഴ്‌ചത്തെ വാദം കേൾക്കൽ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് കോടതിയിൽ നടന്ന വിചാരണയുടെ ട്രാൻസ്‌ക്രിപ്‌റ്റ് അടങ്ങിയ സത്യവാങ്‌മൂലം തനിക്ക് ലഭിച്ചതെന്ന് മേത്ത കോടതിയെ അറിയിച്ചു. തുടന്ന് ഇന്ന് വാദിക്കാൻ കഴിയുമോ എന്ന് ചോദിച്ച ജസ്റ്റിസ് വൈഷ്‌ണവിനോട് കെജ്‌രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പരിശോധിക്കാതെ വാദിക്കാൻ ബുദ്ധിമുട്ടാണെന്ന് മേത്ത അറിയിക്കുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീന മുഖേന കെജ്‌രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുൻ ഹിയറിങ്ങിൽ ഉണ്ടായിരുന്നത് പോലെ 'നിരുത്തരവാദപരമായ പ്രസ്‌താവനകൾ' ഉണ്ടായിരിക്കാമെന്നും മേത്ത ചൂണ്ടിക്കാട്ടി. 'എനിക്ക് വാദിക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അറിയാതെ വാദിക്കുക ബുദ്ധിമുട്ടാണ്' -മേത്ത പറഞ്ഞു.
'ഈ വിഷയത്തിൽ തുടക്കം മുതൽ നിരുത്തരവാദപരമായ പ്രസ്‌താവനകൾ കെജ്‌രിവാൾ നടത്തുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരുപക്ഷേ, ഈ സത്യവാങ്മൂലത്തിലും അത്തരം കാര്യങ്ങൾ ഉണ്ടാവാം. അതിനാൽ സത്യവാങ്മൂലം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്' -മേത്ത കൂട്ടിച്ചേർത്തു. ഹൈക്കോടതി നടപടികൾ യൂട്യൂബിൽ തത്സമയം കാണിക്കുന്നതിനാൽ, കെജ്‌രിവാളിന്‍റെ സത്യവാങ്മൂലത്തിൽ മുമ്പത്തെ ഹിയറിങ്ങിന്‍റെ വീഡിയോ റെക്കോർഡിങ് ട്രാൻസ്‌ക്രിപ്റ്റും ഉണ്ടെന്ന് അറിഞ്ഞപ്പോൾ, 'ഒന്നും അപ്രതീക്ഷിതമല്ല' എന്നായിരുന്നു മേത്തയുടെ മറുപടി.
ആം ആദ്‌മി പാർട്ടി (എഎപി) തലവൻ കൂടിയായ കെജ്‌രിവാൾ ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. മോദിയുടെ ബിരുദം ഓൺലൈനിൽ ലഭ്യമാണെന്നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ അവകാശവാദം. എന്നാൽ സർവകലാശാലയുടെ വെബ്‌സൈറ്റിൽ അത്തരമൊരു ബിരുദം ലഭ്യമല്ലെന്ന് കെജ്‌രിവാൾ വാദിച്ചു.
മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മിഷനാണ് (സിഐസി- സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ) ഏഴ് വർഷം മുന്‍പ് ഉത്തരവിട്ടത്. എന്നാലിത് ഗുജറാത്ത് ഹൈക്കോടതി മാര്‍ച്ച് 31ന് റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് വൈഷ്‌ണവ് എഎപി നേതാവിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
അതേസമയം മോദിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ 2016 ഏപ്രിലിൽ അന്നത്തെ സിഐസി ആചാര്യലു ആണ് ഡൽഹി സർവകലാശാലയ്‌ക്കും ഗുജറാത്ത് സർവകലാശാലയ്‌ക്കും നിർദേശം നൽകിയത്. തന്നെ സംബന്ധിച്ച സർക്കാർ രേഖകൾ പരസ്യമാക്കുന്നതിൽ എതിർപ്പില്ലെന്ന് കെജ്‌രിവാൾ ആചാര്യലുവിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സിഐസിയുടെ ഉത്തരവ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ കമ്മിഷൻ മറച്ചുവക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് കെജ്‌രിവാൾ കത്തിൽ ആശ്ചര്യപ്പെട്ടിരുന്നു. തുടർന്ന് കത്തിന്‍റെ അടിസ്ഥാനത്തിൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് ആചാര്യലു നിർദേശിക്കുകയായിരുന്നു.
എന്നാൽ വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഒരാളുടെ നിരുത്തരവാദപരമായതും ബാലിശമായതുമായ ജിജ്ഞാസ പൊതുതാത്‌പര്യമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗുജറാത്ത് സർവകലാശാല സിഐസിയുടെ ഉത്തരവ് എതിർത്തു. പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസഞ്ചയത്തിൽ ഉള്ളതിനാൽ അതിൽ ഒന്നും മറച്ചുവക്കാനില്ലെന്നും സർവകലാശാല വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും സർവകലാശാലയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഫെബ്രുവരിയിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം സർവകലാശാലയുടെ വെബ്‌സൈറ്റിൽ ബിരുദം സംബന്ധിച്ച് അത്തരം വിവരം ലഭ്യമല്ലെന്നാണ് കെജ്‌രിവാൾ തന്‍റെ പുനഃപരിശോധന ഹർജിയിൽ പറയുന്നത്. വിവരം തെരയുമ്പോൾ ഓഫിസ് രജിസ്റ്റർ (OR) എന്ന് പരാമർശിക്കുന്ന ഒരു രേഖയാണ് ലഭിക്കുന്നതെന്നും അത് ബിരുദത്തിൽ നിന്ന് വ്യത്യസ്‌തമാണെന്നും കെജ്‌രിവാളിൾ ഹർജിയിൽ വാദിച്ചു.