ന്യൂഡൽഹി : പിഎം കെയർ ഫണ്ടിനെ നുണകളുടെയും അഴിമതിയുടെയും തമോഗർത്തമെന്ന് പരിഹസിച്ച് കോൺഗ്രസ്. പിഎം കെയർ ഫണ്ടിന്‍റെ നിയമസാധ്യത ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി സംബന്ധിച്ച മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ്.
രാജ്യത്തുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാനായി പ്രധാനമന്ത്രിയുടെ പേരിൽ രൂപീകരിച്ച ഫണ്ടാണ് പിഎം കെയർ ഫണ്ട്. ആർടിഐ നിയമത്തിന് കീഴിൽ വരാത്ത സാഹചര്യത്തിൽ ഫണ്ടിന്‍റെ സുതാര്യത സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാർച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റന്‍റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷന്‍ ഫണ്ട് നിലവിൽ വന്നത്.