ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ രാജ്യത്തെ ജില്ലാ ആശുപത്രികളിൽ കൊവിഡ് വാക്‌സിൻ, ഓക്‌സിജൻ പ്ലാന്‍റ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിപ്ലവ് ശർമയാണ് ഹർജി നൽകിയത്.
കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന 738 ജില്ലാ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിന് എല്ലാ സ്വകാര്യ ആശുപത്രികളും ചാരിറ്റബിൾ ആശുപത്രികളും സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും ഹർജിയിൽ പറയുന്നു. കൂടാതെ എല്ലാ നഗരങ്ങളിലും വൈദ്യുത ശ്‌മശാനങ്ങൾ സ്ഥാപിക്കണമെന്നും നിലവിലുള്ള ശ്‌മശാനങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നും പൊതു താൽപര്യ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും പാർലമെന്‍റ് അംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും അവരുടെ എംപി/എംഎൽഎ ഫണ്ടുകൾ ശരിയായ രീതിയിൽ വിനിയോഗിക്കാൻ നിർദേശം നൽകണം.
അതേ സമയം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച, മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ഇറക്കുമതി തീരുവയിൽ നിന്ന് മൂന്ന് മാസത്തേക്ക് ഇളവ് അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനത്തെ ഈ ഹർജി ചോദ്യം ചെയ്യുന്നു.