ന്യൂഡൽഹി: സിബിഎസ്ഇ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി. കൊവിഡ് സാഹചര്യത്തിൽ മൂല്യ നിർണയത്തിനെത്തുന്ന അധ്യാപകരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ കണക്കിലെടുത്താണ് ഹർജി. അഭിഭാഷകൻ രവി പ്രകാശ് ഗുപ്‌ത മുഖേന നാഷണൽ ഇൻഡിപ്പെൻഡൻ്റ് സ്‌കൂൾ അലൈൻസാണ് ഹർജി സമർപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം സംബന്ധിച്ച് മെയ് ഒന്നിന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ റിസൾട്ട് കമ്മിറ്റി അംഗങ്ങൾ, മറ്റ് അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകണമെന്നും അതിനാൽ അറിയിപ്പ് പ്രാവർത്തികമാക്കാനാവില്ലെന്നും അഡ്വ. ഗുപ്‌ത ഹർജിയിൽ പറയുന്നു.
Read more: ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് സിബിഐ തയ്യാറായിട്ടില്ലെന്ന് അശോക് ഗാംഗുലി
അതേസമയം നടപടിക്രമങ്ങൾ ഓൺലൈനായി നടത്താമെന്നും നേരിട്ട് എത്തേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കാമെന്നും സിബിഎസ്ഇക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രൂപേഷ് കുമാർ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്നതിന് സിബിഎസ്ഇ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊവിഡ് പ്രതിസന്ധി കാരണം ഏതെങ്കിലും സ്‌കൂൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ സിബിഎസ്ഇയെ സമീപിക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അധ്യാപകരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഹർജി ഗൗരവകരമാണെന്നും അതിനാൽ തന്നെ മുഴുവൻ പ്രക്രിയയും ഓൺലൈനിലൂടെ നടത്താവുന്നതാണെന്നും കോടതി അറിയിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് കൈമാറി.