ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്‌മണ ചന്ദ്ര വിക്‌ടോറിയ ഗൗരിയെ അഡീഷണല്‍ ജഡ്‌ജിയായി കേന്ദ്രം നിയമിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്‌ച (ഫെബ്രുവരി ഏഴ്) പരിഗണിക്കും. വിക്‌ടോറിയ ഗൗരിയ്‌ക്ക് ഇസ്‌ലാം, ക്രിസ്‌റ്റ്യന്‍ വിരുദ്ധ കാഴ്‌ചപ്പാടുകൾ ഉണ്ടെന്നും ഇവര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിക്‌ടോറിയ ഉള്‍പ്പടെ 13 പേരെയാണ് വിവിധ ഹൈക്കോടതികളിലെ ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ച് നിയമന ഉത്തരവിറക്കിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്‌ടോറിയ ഗൗരി. ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ ജനുവരി 17ന് കൊളീജിയം ശുപാര്‍ശ ചെയ്‌തത്. വിക്‌ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ആരോപിച്ച് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്.
ഈ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി നേരത്തേ വിദ്വേഷപ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ടിരുന്നു വിക്ടോറിയ ഗൗരി. ബിജെപി മഹിളാമോര്‍ച്ച നേതാവ് കൂടിയാണ് വിക്ടോറിയ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഹര്‍ജി.