രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന ഗർബ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ പ്ലാസ്റ്റിക് കുപ്പി എറിഞ്ഞു. എറിഞ്ഞ കുപ്പി കെജ്‌രിവാളിന്‍റെ ദേഹത്ത് കൊള്ളാതെ തലക്ക് മുകളിലൂടെ കടന്നു പോയി. ശനിയാഴ്‌ച (ഒക്‌ടോബര്‍ 1) രാത്രിയായിരുന്നു സംഭവം.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരക്കിനിടയിലൂടെ നടന്നപ്പോഴാണ് കെജ്‌രിവാളിനു നേരെ കുപ്പി എറിഞ്ഞത്. സുരക്ഷ ഉദ്യോഗസ്ഥരും മുതിർന്ന പാർട്ടി നേതാക്കളും ഒപ്പമുള്ളപ്പോഴായിരുന്നു സംഭവം. കുപ്പി എറിഞ്ഞ ആളെ തിരിച്ചറിഞ്ഞില്ല.
'കുപ്പി കുറച്ച് അകലെ നിന്ന് എറിഞ്ഞു. അത് കെജ്‌രിവാളിന്‍റെ തലയ്ക്കു മുകളിലൂടെ കടന്നുപോയി. കുപ്പി കെജ്‌രിവാളിന് നേരെ എറിഞ്ഞതായി തോന്നുന്നു, പക്ഷേ ഇത് അങ്ങനെയാണെന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല', എഎപിയുടെ മീഡിയ കോർഡിനേറ്റർ സുകൻരാജ് പറഞ്ഞു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗുജറാത്ത് സന്ദർശനത്തിലാണ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും. ശനിയാഴ്‌ച ആരംഭിച്ച സന്ദര്‍ശനം രണ്ട് ദിവസം നീണ്ടുനില്‍ക്കും. ഇതിനിടെയിലാണ് രാജ്‌കോട്ടില്‍ നടന്ന ഗർബ പരിപാടിയിൽ പങ്കെടുക്കാന്‍ കെജ്‌രിവാള്‍ എത്തിയത്.