ന്യൂഡൽഹി: ഇടനിലക്കാരെ ഇല്ലാതാക്കാനും മത്സ്യത്തൊഴിലാളികളേയും വാങ്ങുന്നവരെയും പരസ്പരം ബന്ധിപ്പിക്കാനും സഹായിക്കുന്ന 'ഇ സെന്‍റ' ആപ്പ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കി. മത്സ്യത്തൊഴിലാളികൾക്ക് ഉത്പ്പന്നങ്ങൾ എളുപ്പത്തിൽ വില്ക്കാനും മികച്ച വില ലഭിക്കാനും സഹായിക്കുന്ന ഇ-കൊമേഴ്‌സ് പോർട്ടലാണ് ഇ സെന്‍റ എന്ന് പീയൂഷ് ഗോയൽ പറഞ്ഞു.
മറൈൻ പ്രൊഡക്റ്റ്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെന്ന് ഗോയൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് കയറ്റുമതിക്കാരും മത്സ്യബന്ധന സംഘടനകളുമായുള്ള പണരഹിതവും കടലാസ് രഹിതവുമായ ഇലക്ട്രോണിക് വ്യാപാര വേദി സൃഷ്ടിക്കുന്നതോടൊപ്പം പരമ്പരാഗത അക്വാഫാമിങിൽ വിപ്ലവം സൃഷ്ടിക്കാനും ആപ്പ് സഹായിക്കുമെന്ന് ഗോയൽ അറിയിച്ചു.
18000 മത്സ്യത്തൊഴിലാളികളാണ് സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിൽ സംഭാവന ചെയ്യുന്നതെന്നാണ് ലഭ്യമായ വിവരം. ഭാവിയിൽ ലേല പ്ലാറ്റ്‌ഫോം രൂപീകരിക്കാനും പദ്ധതിയുണ്ട്.