ന്യൂഡല്‍ഹി: ഫൈസര്‍ വാക്‌സിന്‍ വിഷയത്തിലെ പരാമര്‍ശത്തില്‍ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാജീവ് ചന്ദ്രശേഖര്‍ നുണയനാണെന്ന് ജയറാം രമേശ് ആരോപിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറം നടക്കുന്ന ദാവോസില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഫൈസര്‍ സിഇഒയുടെ വിഡിയോ ടാഗ് ചെയ്‌ത് കൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, ജയറാം രമേശ് എന്നിവരെ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ വിമര്‍ശിക്കുകയായിരുന്നു.
ഈ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ഫൈസര്‍ എന്ന വിദേശ വാക്‌സിന്‍ ഇന്ത്യയില്‍ നല്‍കാനായി വാദിക്കുകയായിരുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചത്. നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഫൈസര്‍ ശ്രമിക്കുമ്പോള്‍ പി ചിദംബരവും, രാഹുല്‍ ഗാന്ധിയും, ജയറാം രമേശും ഈ വിദേശ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കണമെന്ന് വാദിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്ന് എല്ലാ ഇന്ത്യക്കാരേയും ഓര്‍മ്മപ്പെടുത്തുകയാണ് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്‌തത്.
രാഷ്‌ട്രീയത്തില്‍ ഉയര്‍ച്ച ലഭിക്കണമെന്ന ആഗ്രഹം താങ്കളെ കൂടുതല്‍ കള്ളം പറയുന്ന ആളാക്കി മാറ്റാതിരിക്കാനായി ശ്രദ്ധിക്കൂ എന്നാണ് ട്വിറ്ററില്‍ ജയറാം രമേശ് കുറിച്ചത്.
ചിദംബരത്തിന്‍റെ ട്വീറ്റ്: "മൂന്ന് വാക്‌സിനുകള്‍ മാത്രമെ ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നതില്‍ ജനങ്ങള്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്‌പുടിനിക് എന്നിവയില്‍ സ്‌പുടിനികിനെ നമുക്ക് എഴുതിതള്ളാം. കാരണം ആദ്യ ദിവസങ്ങളില്‍ സ്‌പുടിനിക്ക് കുറഞ്ഞ അളവില്‍ മാത്രമെ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളൂ,"എന്ന് ചിദംബരം ഡിസംബര്‍ 27,2021ന് ട്വീറ്റ് ചെയ്‌തിരുന്നു.
ഫൈസര്‍ സിഇഒയെ വിറപ്പിച്ച് റിപ്പോര്‍ട്ടര്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിന്‍റെ സിഇഒ ആൽബർട്ട് ബൂർളയെ ചോദ്യശരങ്ങള്‍ കൊണ്ട് ഒരു റിപ്പോര്‍ട്ടര്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. ഫൈസറിന്‍റെ കൊവിഡ് വാക്‌സിനിന്‍റെ ഫലപ്രാപ്‌തിയെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കുകയായിരുന്നു ആല്‍ബര്‍ട്ട് ബൂര്‍ള.
കൊവിഡ് പകരുന്നത് തടയാന്‍ ഫൈസര്‍ വാക്‌സിന് കഴിയില്ലെന്ന വസ്‌തുത എന്ത് കൊണ്ട് കമ്പനി മറച്ചുവെച്ചു എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളില്‍ ഒന്ന്. "നിങ്ങള്‍(ഫൈസര്‍) ആദ്യം പറഞ്ഞത് വാക്‌സിന്‍ 100 ശതമാനം കാര്യക്ഷമമാണെന്നാണ്. പിന്നീട് 90ശതമാനം, പിന്നെ 80ശതമാനം, അതിന് ശേഷം 70 ശതമാനമായി. എന്നാല്‍ നമുക്ക് ഇപ്പോള്‍ അറിയാം കൊവിഡ് പകര്‍ച്ച തടയാന്‍ ഫൈസര്‍ വാക്‌സിന് കഴിയില്ലെന്ന്. എന്ത്കൊണ്ട് ആ സത്യം നിങ്ങള്‍ മറച്ച്‌വച്ചു?," എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
ലോകത്തോട് മാപ്പ് പറയാനുള്ള സമയമാണോ ഇതെന്നും ഫൈസര്‍ വാങ്ങിയ രാജ്യങ്ങള്‍ക്ക് പണം തിരിച്ചുകൊടുക്കുമോ എന്നും ഈ റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു. ഫൈസര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്‍റെ നിയമപരമായ നഷ്‌ടപരിഹാര ബാധ്യതകളില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാണ് ഫൈസര്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.