തിരുവനന്തപുരം : രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണക്കാരന്‍റെ ജീവിതം കടുത്ത ദുരിതത്തിലേക്ക് നീങ്ങുകയാണ്.
രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് ഡീസലിന് 8.84 രൂപയും പെട്രോളിന് 9.15 രൂപയുമാണ് വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 137 ദിവസം രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നിരന്തരമായി വില ഉയര്‍ത്തുകയാണ്.
Also Read: ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ഇന്ധനവില വര്‍ധനവിന് പിന്നാലെ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. റമദാന്‍ മാസം കൂടി ആരംഭിച്ചിതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വന്‍ വിലവര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത് ചെറിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കരോ എണ്ണക്കമ്പനികളോ ഇതുവരെ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ വ്യത്യാസനത്തിന് ആനുപാതികമായി എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് രാജ്യത്ത് വില ദിനംപ്രതി ഉയരുന്നത്.