ന്യൂഡൽഹി: ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾ (ഐടി ആക്‌റ്റ്,2021) പാലിച്ചില്ലെന്നാരോപിച്ച് ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. പുതിയ ഐടി നിയമ പ്രകാരം എത്രയും വേഗം റെസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ കമ്മ്യൂണിക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും ട്വിറ്റർ ഇങ്കിനും ആവശ്യമായ നിർദേശങ്ങൾ യൂണിയൻ ഓഫ് ഇന്ത്യ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രവർത്തിക്കുന്ന അഡ്വ. അമിത് ആചാര്യ തന്‍റെ അഭിഭാഷകരായ ആകാശ് വാജ്‌പായ്, മനീഷ് കുമാർ എന്നിവരിലൂടെയാണ് ഹർജി നൽകിയിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ പരാതികൾ സ്വീകരിക്കുന്നതിനും തീർപ്പാക്കുന്നതിനുമുള്ള സിംഗിൾ പോയിന്‍റ് അതോറിറ്റിയായി പ്രവർത്തിക്കുന്ന ഒരു റസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കാനുള്ള ഉത്തരവാദിത്തം എല്ലാ സുപ്രധാന സോഷ്യൽ മീഡിയ ഇടനിലക്കാർക്കും (എസ്‌എസ്‌എംഐ) ഉണ്ടെന്ന് ഹരജിയിൽ പറയുന്നു. ഇവർ സർക്കാരോ യോഗ്യതയുള്ള അതോറിറ്റികളോ അല്ലെങ്കിൽ കോടതിയോ നൽകുന്ന ഉത്തരവ്, അറിയിപ്പ്, നിർദ്ദേശം എന്നിവ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ളവരാണ്. ഓരോ സോഷ്യൽ മീഡിയ ഇടനിലക്കാരും മേൽപ്പറഞ്ഞ ചട്ടപ്രകാരം ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി സ്വീകരിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കണം. പരാതിക്കാർക്ക് ഒരു ടിക്കറ്റ് നമ്പർ നൽകുന്നതിലൂടെ ഓരോ പരാതിക്കാരനും അവരുടെ പരാതിയുടെ സ്ഥിതി വിവരം അറിയാൻ കഴിയും.
ഫെബ്രുവരി 25 മുതൽ പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ഈ നിയമങ്ങൾ പാലിക്കാൻ ഓരോ എസ്എസ്എംഐയ്ക്കും കേന്ദ്രം മൂന്ന് മാസം സമയം നൽകിയിട്ടുണ്ടെന്നും ഹർജിയിൽ ആചാര്യ ചൂണ്ടിക്കാട്ടി. എന്നാൽ ഈ മൂന്നുമാസ കാലയളവ് മെയ് 25 ന് അവസാനിച്ചുവെങ്കിലും റസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കുന്നതിൽ പ്രതിഭാഗത്തുള്ള ട്വിറ്റർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഐടി നിയമം,2021 പ്രകാരം കാലതാമസമില്ലാതെ റെസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കുന്നതിന് ട്വിറ്ററിലേക്ക് ആവശ്യമായ ഉത്തരവ് കൈമാറാൻ യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
AlsoRead: രാജ്യത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം