വാറങ്കല്‍ (തെലങ്കാന): തെലങ്കാനയിലെ വാറങ്കലില്‍ വളര്‍ത്തുനായ ഒന്നര ലക്ഷം രൂപ മോഷ്‌ടിച്ചുവെന്ന ആരോപണവുമായി ഉടമ രംഗത്ത്. ദുഗ്ഗോണ്ടിയിലെ നച്ചിനപള്ളി സ്വദേശി കസു ചെരാലുവാണ് വളര്‍ത്തുനായ പണം സൂക്ഷിച്ചിരുന്ന ബാഗ് മോഷ്‌ടിച്ചെന്ന വിചിത്ര വാദം ഉയര്‍ത്തിയത്. ഏപ്രില്‍ 25നാണ് സംഭവം.
ആട്ടിടയനായ കസു ചെരാലു തന്‍റെ ജീവിത സമ്പാദ്യമായ ഒന്നര ലക്ഷം രൂപ അരയില്‍ കെട്ടി സൂക്ഷിക്കാറാണ് പതിവ്. സംഭവദിവസം ബാഗ് ഊരിവച്ച് കുളിക്കാന്‍ പോയി. കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വളര്‍ത്തുനായയും ബാഗും കാണാനില്ല.
തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ നായ തിരികെ വന്നു. എന്നാല്‍ ബാഗ് കണ്ടെത്താനായില്ല. വളര്‍ത്തുനായ ബാഗ് എടുത്ത് കൊണ്ടുപോയെന്നും എവിടെയോ വച്ച് ബാഗ് നഷ്‌ടപ്പെടുകയുമായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.