ബല്‍ഗാവി (കര്‍ണാടക): 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം. അതിനൊപ്പം മൂന്ന് ക്വിന്‍റല്‍ ചിക്കന്‍ മീല്‍സ്, 50 കിലോ വെജിറ്റേറിയന്‍ ഊണ്. ഇതൊരു പിറന്നാളാഘോഷത്തിന് വിളമ്പിയ ഭക്ഷണത്തിന്‍റെ കണക്കാണ്.
വളർത്തുനായയുടെ പിറന്നാൾ ആഘോഷത്തിന് കർണാടകയിലെ പഞ്ചായത്ത് അംഗം 5000 പേർക്കാണ് ഭക്ഷണം വിളമ്പിയത്. വളർത്തുനായയുടെ പേര് ക്രിഷ്. തുക്കനട്ടി ഗ്രാമത്തിലെ പഞ്ചായത്ത് അംഗമായ ശിവപ്പ യല്ലപ്പയാണ് ആഘോഷം പൊടിപൊടിച്ചത്.
പിറന്നാൾ ആഘോഷത്തിന് പിന്നിലെ കഥ: കഴിഞ്ഞ 20 വര്‍ഷമായി ശിവപ്പയാണ് ഗ്രാമത്തിലെ പഞ്ചായത്ത് അംഗം. അടുത്തിടെ പഞ്ചായത്തിലെ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ ശിവപ്പക്കെതിരെ വിവാദമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. ശിവപ്പയുടെ ഭരണത്തില്‍ ആളുകൾ നായകളെ പൊലെയാണ് ജീവിക്കുന്നത് എന്നായിരുന്നു പരാമര്‍ശം.
ഇതില്‍ ക്ഷുഭിതനായ ശിവപ്പ തന്‍റെ വളർത്തുനായയുടെ പിറന്നാളിന് നാട്ടുകാര്‍ക്ക് മൊത്തം ഭക്ഷണം നല്‍കുകയായിരുന്നു. നായയെ കൊണ്ട് കേക്ക് മുറിപ്പിച്ച ശേഷം നാട്ടുകാര്‍ക്കൊപ്പം ഗ്രാമത്തിലൂടെ നായയെ നടത്തിക്കുകയും ചെയ്തു.