ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ എ.ജി പേരറിവാളനെ മോചിപ്പിച്ചതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സുപ്രീം കോടതിയുടെ വിധിയിൽ അതിയായ ദുഃഖമുണ്ടെന്നും ഒരു മുൻ പ്രധാനമന്ത്രിയെ വധിച്ച കുറ്റവാളികളെ വിട്ടയച്ചാൽ, രാജ്യത്തെ നിയമത്തിന് എന്ത് മഹത്വമാണുള്ളതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു. ' കടുത്ത ദുഖവും അമര്‍ഷവുമുണ്ട്, പ്രധാനമന്ത്രി മോദി ഇതിന് ഉത്തരം പറയണം. ഇതാണ് തീവ്രവാദത്തോട് നിങ്ങള്‍ക്കുള്ള ഇരട്ടത്താപ്പ്. കുറ്റവാളികളെ മോചിപ്പിക്കുന്നതില്‍ താങ്കള്‍ക്കും പങ്കുണ്ടോ' - സുര്‍ജേവാല ചോദിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കുന്നതായി ബുധനാഴ്‌ച രാവിലെ സുപ്രീം കോടതി അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതികരണം. തമിഴ്‌നാട് ഗവര്‍ണര്‍ ബി.എല്‍ പുരോഹിത് പേരറിവാളന്‍ വിഷയം രാഷ്ട്രപതിക്ക് കൈമാറിയതിനാലാണ് സുപ്രീംകോടതി ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നാണ് സുര്‍ജേവാല പറയുന്നത്.
Also Read രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സുപ്രീംകോടതി വിട്ടയച്ചു: മോചനം 31 വര്‍ഷത്തിന് ശേഷം
കൊലയാളികളെ മോചിപ്പിക്കുന്നതാണോ നിങ്ങളുടെ ദേശീയത. ഈ വിധി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പേരറിവാളന്‍റെ മോചനം കേസിലെ മറ്റ് പ്രതികളെയും മോചിപ്പിക്കുന്ന നിലയിലേക്ക് കൊണ്ടെത്തിക്കുമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. 1998ൽ ഭീകരവിരുദ്ധ കോടതി പേരറിവാളന് വധശിക്ഷ വിധിച്ചിരുന്നു.
അടുത്ത വർഷം തന്നെ സുപ്രീം കോടതി ശിക്ഷ ശരിവച്ചു. എന്നാൽ 2014ൽ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. ഈ വർഷം മാർച്ചിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.