ബെംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി കെ. സുധാകര്‍. സംസ്ഥാനത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം തള്ളിക്കളയാന്‍ കഴിയില്ലെന്നും ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവമുണ്ടായിട്ടുണ്ടെന്നും അത് അപകടമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്‌സിന്‍ വിതരണവും സംബന്ധിച്ച് നാളെ ആഭ്യന്തരമന്ത്രിയുമായും ജില്ലാ കമ്മിഷണര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്‌ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലയില്‍ ജാഗ്രത പാലിക്കാനും യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിലെ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍റ്റിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് പൂര്‍ണമായും ഇല്ലാതായിട്ടില്ല. എന്നാല്‍ വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ 9,46,860 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12,282 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 5,792 പേരാണ്.