ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പൊഗാസസ് ഫോൺ ചോർത്തലിൽ പുതിയ വിവരങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണം ചോർത്തിയതായണ് പുതിയതായി പുറത്തുവരുന്ന വിവരം. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ സംഭാഷണങ്ങളടക്കം ചോർത്തിയിട്ടുണ്ട്.
രണ്ട് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ആരുടെയൊക്കെയാണെന്ന് വ്യക്തമല്ലായിരുന്നു. 2019 തെരഞ്ഞെടുപ്പ് സമയത്താണ് ഫോൺ ചോർത്തിയത് എന്നാണ് കരുതുന്നത്.
പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, പ്രഹ്ളാദ് പട്ടേൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി, പ്രവീൺ തൊഗാഡിയ എന്നിവരും ഫോൺ ചോർത്തലിൽ പെട്ട പ്രമുഖരിൽ പെടുന്നുണ്ട്.
Also Read: പെഗാസസ്: 40ലേറെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്
ഇവർക്കു പുറമെ, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യ ഓപ്പറേഷൻ ഡയറക്‌ടർ എം. ഹരി മേനോന്‍, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്റ്റാഫിന്‍റെ ഭർത്താവിന്‍റെയും ബന്ധുക്കളുടെയും ഫോണുകളും ചോർന്നു.
അതേസമയം ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണെന്ന് വാദിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണെന്നും സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.