ബെംഗളൂരു/ചെന്നൈ: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തമിഴ്‌നാട്, കര്‍ണാടക കോണ്‍ഗ്രസ് ഘടകങ്ങള്‍. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പട്ടികയില്‍ സര്‍ക്കാര്‍ ഏജൻസികളുടെ അന്വേഷണമല്ല മറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കടുത്ത പ്രഹരമാണിത്. ഈ സോഫ്‌റ്റ്‌വെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രം നല്‍കുന്നതാണെന്നാണ് പെഗാസസ് വികസിപ്പിച്ച ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ പറയുന്നത്. അത്കൊണ്ട് തന്നെ വിഷയത്തില്‍ മോദി സര്‍ക്കാരിന്‍റെ പങ്ക് കൃത്യമായി അന്വേഷിക്കണമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു.
വൻ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ഭരണത്തിലേക്കെത്തിച്ച ഒരു പാര്‍ട്ടി തന്നെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഇത് സംഭവിക്കുമോ എന്നത് തന്നെ അതിശയകരമാണ്. ദേശീയ സുരക്ഷയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സംഭവമാണിത്. സുപ്രീംകോടതി മുൻ ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അഴഗിരി ആവശ്യപ്പെട്ടു.
ഇന്ത്യൻ സര്‍ക്കാര്‍ പെഗാസസ് ഏറ്റെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നായിരുന്നു മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Also Read: പെഗാസസില്‍ ചോരുമോ മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത?