ജയ്പൂര്‍: പെഗാസസ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തി എന്ന ആരോപണത്തിലാണ് സ്വതന്ത്ര അന്വേഷണം വേണമെന്ന് പൈലറ്റിന്‍റെ ആവശ്യം. രാഷ്ട്രീയ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, നിയമജ്ഞർ എന്നിവരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയമാണിത്. അതിനാല്‍ തന്നെ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.
സര്‍ക്കാറില്‍ നിന്നും നിഷ്‌പക്ഷ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അവര്‍ അത് നിര്‍വഹിക്കണമെന്നും പൈലറ്റ് പറഞ്ഞു.
കൂടുതല്‍ വായനക്ക്:- പെഗാസസ് വിഷയത്തിൽ സുപ്രീംകോടതി അന്വേഷണം നടത്തണമെന്ന് ശിവസേന
സമാന വിഷയത്തില്‍ ഫ്രാൻസ് സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടാൻ കഴിയുമ്പോൾ കേന്ദ്രസർക്കാർ എന്തുകൊണ്ട് മിടക്കുന്നു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല.
ആളുകൾക്ക് അവരുടെ സ്വകാര്യത സുരക്ഷിതമാണെന്ന് ഉറപ്പുനൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹാക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് ആളുകളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാകില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുകയാണ്. ബി.ജെ.പിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
സഖ്യ കക്ഷികളെ ചേര്‍ത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ഗവൺമെന്‍റിന്‍റെ ഭരണത്തേക്കാൾ മികച്ചതാണ് യുപിഎ ഭരണം എന്ന് ആളുകൾ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരായ ഫോൺ ടാപ്പിങ് ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വ്യക്തമാക്കേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പൈലറ്റിന്‍റെ മറുപടി.