ന്യൂഡൽഹി: പെഗാസസ് അന്വേഷണ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. 2022 ജൂൺ 20നകം സൂപ്പർവൈസിങ് ജഡ്ജിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സാങ്കേതിക സമിതിയോട് ചീഫ് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിർദേശിച്ചു.
ചോര്‍ത്തലിന് ഇരയായെന്ന് പറയുന്ന 29 മൊബൈലുകള്‍ ഇതുവരെ ലഭിച്ചതായും വിദഗ്ധ സമിതി സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിനായി സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സമതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ 2021 ഒക്ടോബറിലാണ് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി, മുദ്രവച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Also read: പെഗാസസ് : ഫോണുമായി വിദഗ്‌ധ സമിതിക്ക് മുന്നിൽ ഹാജരാകേണ്ട സമയപരിധി ഫെബ്രുവരി 8വരെ നീട്ടി