ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎമ്മിൻ്റെ മിനി ആപ്പ് സ്റ്റോറില്‍ കൊവിഡിനെതിരായ വാക്‌സിന്‍ ഫൈന്‍ഡറിൻ്റെ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ജനങ്ങൾക്ക് വാക്‌സിനെടുക്കാന്‍ ലഭ്യമായ സ്ലോട്ടുകള്‍ കണ്ടെത്തി ബുക്ക് ചെയ്യാൻ സഹായിക്കുന്നതാണ് പ്ലാറ്റ്‌ഫോം. വാക്‌സിൻ ഫൈൻഡർ വഴി പൗരന്മാർക്ക് അടുത്തുള്ള കേന്ദ്രത്തിൽ തടസമില്ലാതെ വാക്‌സിനേഷൻ ബുക്ക് ചെയ്യാനും വാക്‌സിനേഷൻ എടുക്കാനും സഹായിക്കും.
Read more: പേടിഎം, ഗൂഗിൾ പേ,ഫോണ്‍പേ എന്നിവയെ ബന്ധിപ്പിക്കും, പുതു സംവിധാനവുമായി ആര്‍ബിഐ
പേടിഎം ആപ്പിലെ കൊവിഡ്-19 വാക്‌സിന്‍ ഫൈന്‍ഡറിലൂടെ ഉപയോക്താവിന് ഒരു പരിധിവരെ ബുദ്ധിമുട്ടില്ലാതെ നേരിട്ട് സ്ലോട്ട് നേടി ഏറ്റവും പെട്ടെന്ന് കുത്തിവയ്‌പ് എടുക്കാനാകും എന്നതാണ് പ്രത്യകത. വാക്‌സിന്‍ സെൻ്ററുകളിലെ തിരക്ക് ഒഴിവാക്കി കൃത്യസമയത്ത് പരമാവധി പൗരന്മാരെ വാക്‌സിനെടുക്കാന്‍ സഹായിക്കുകയാണ് സേവനത്തിൻ്റെ ലക്ഷ്യം.
ഭാവിയിലേക്ക് സ്ലോട്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെങ്കില്‍ സ്ലോട്ട് ലഭ്യമാകുന്ന സമയത്ത് മുന്നറിയിപ്പ് നല്‍കുന്ന ഓപ്ഷനും ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ സ്ലോട്ട് ലഭ്യമാകുന്നുണ്ടോയെന്ന് തുടര്‍ച്ചയായി പരിശോധിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഈ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഒഴിവാക്കാം. വൻകിട ഡിജിറ്റൽ കമ്പനികളായ പേടിഎം, മെയ്ക്ക് മൈ ട്രിപ്പ്, ഇൻഫോസിസ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വാക്‌സിൻ ബുക്കിംഗ് വാഗ്‌ദാനം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി കൊവിൻ ചീഫ് ആർ എസ് ശർമ്മ അടുത്തിടെ പറഞ്ഞിരുന്നു.
Read more: ഡല്‍ഹിയില്‍ ക്യാഷ് അറ്റ് ഹോം പദ്ധതിയുമായി പേടിഎം ബാങ്ക്
നേരത്തെ ഫേസ്ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികൾ വാക്‌സിനേഷൻ അപ്പോയിൻ്റ്മെൻ്റുകൾക്കായി സ്ലോട്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ധാരാളം ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. അണ്ടർ 45, ഗെറ്റ്‌ജാബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഒറ്റ രാത്രികൊണ്ട് ജനപ്രിയമാവുകയും ചെയ്‌തിരുന്നു. കാരണം വാക്‌സിൻ സ്ലോട്ടുകൾ തുറക്കുമ്പോൾ ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ വരികയും ഇത് ജനങ്ങൾ പരമാവധി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
വാക്‌സിൻ ബുക്കിംഗിനായി ഉപയോക്താവിനെ സഹായിക്കുന്നതിന് മെയ് മാസത്തിൽ പേടിഎം 'വാക്‌സിൻ ഫൈൻഡർ' സവിശേഷത പുറത്തിറക്കിയിരുന്നു, ലഭ്യമായ വാക്‌സിൻ തരം, അതിന് ഈടാക്കുന്ന ഫീസ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് മുൻപ് നൽകിയിരുന്നത്.