പൗരി (ഉത്തരാഖണ്ഡ്): വിവാഹ ഘോഷയാത്രക്കിടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ച സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനം. പ്രാദേശിക സര്‍ക്കാരിന് ദുരന്തനിവാരണ ഉപകരണങ്ങളും ദുരന്തനിവാരണ സംഘവും ഉണ്ടായിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമായിരുന്നു എന്നാണ് പ്രദേശത്ത് ഉയരുന്ന വിമര്‍ശനം. പൗരി ഗർവാൾ ജില്ലയിലെ ബിറോൻഖൽ ബ്ലോക്കിലെ സിംഡി ഗ്രാമത്തിന് സമീപം ഒക്‌ടോബര്‍ നാലിനായിരുന്നു അപകടം.
അപകടത്തില്‍ 33 പേര്‍ മരിക്കുകയും 19 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഹരിദ്വാർ ജില്ലയിലെ ലാൽദാങ് ഗ്രാമത്തിൽ നിന്ന് ബിരോൻഖൽ ബ്ലോക്കിലെ കാണ്ഡ ടാല്ല ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്ര പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. കാണ്ഡ ടാല്ല ഗ്രാമത്തിന് ഒരു കിലോമീറ്റര്‍ മുമ്പ് ബസ് 500 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന് തൊട്ടു പിന്നാലെ പകര്‍ത്തിയ ഒരു വീഡിയോയില്‍ സമയം രാത്രി 7.45 എന്നാണ് കാണിച്ചിരിക്കുന്നത്. രാത്രി 11 മണി വരെ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ യാതൊരു പ്രവര്‍ത്തനവും ഭരണകൂടം നടത്തിയില്ലെന്നും ആരോപണം ഉണ്ട്. ബീരോൻഖൽ തഹസിൽദാർ ബസുലാൽ സംഭവ സ്ഥലത്തെത്തിയെങ്കിലും ദുരന്തരനിവാരണ ഉപകരണങ്ങളുടെ അഭാവം മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല.
സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഒരു പ്രദേശവാസിയാണ്. അപകടത്തില്‍പെട്ടവര്‍ തങ്ങളെ രക്ഷിക്കണം എന്ന് അപേക്ഷിച്ച് നിലവിളിക്കുകയായിരുന്നു എന്നും എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് യാതൊരു നീക്കവും ഉണ്ടായില്ലെന്നും അയാള്‍ വീഡിയോയില്‍ പറയുന്നു. പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാൽ ഗ്രാമവാസികളും ഏറെ ബുദ്ധിമുട്ടി.