ഗിരിദിഹ്: ശ്വാസം തടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ജനറേറ്റർ തകരാറിനെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു. ജാർഖണ്ഡിലെ ഗിരിധിഹിയിലെ ദുമ്രി റഫറൽ ആശുപത്രിയിലാണ് സംഭവം. ജംതാര സ്വദേശിയായ തുക്‌വാൻ മഹാതോയാണ് മരിച്ചത്.
'കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദുമ്രി ആശുപത്രിയിൽ തുക്‌വാനെ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് 15 മിനിറ്റിനകം തന്നെ ഓക്സിജൻ നൽകിത്തുടങ്ങി. ഇതിന് തൊട്ടുപിന്നാലെ ആശുപത്രിയിലെ വൈദ്യുതി ബന്ധം തടസപ്പെട്ടതോടെ ഓക്‌സിജൻ നൽകുന്നത് നിലച്ചു'. മരിച്ചയാളുടെ മകൻ തെക്ലാൽ പറഞ്ഞു.
'ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അതിൽ ഡീസൽ ഇല്ലെന്നും ഡീസൽ ഇട്ട് ജനറേറ്റർ സ്റ്റാർട്ട് ചെയ്യാൻ കുറച്ച് സമയമെടുക്കുമെന്നുമെന്നാണ് മറുപടി ലഭിച്ചത്. ഇതിന് ശേഷം ഏകദേശം 20 മിനുറ്റിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇത്രയും സമയം ഓക്‌സിജൻ ലഭിക്കാതിരുന്ന രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു'. അദ്ദേഹം കൂട്ടിച്ചേർത്തു.
'സിലിണ്ടറിൽ ഓക്‌സിജൻ സൂക്ഷിച്ചിരുന്നുവെങ്കിലും തുടർച്ചയായി രോഗികളെ ചികിത്സിക്കുന്നതിനാൽ തീരാൻ സാധ്യതയുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ സംഭവം നടക്കുമ്പോൾ സിലിണ്ടറിൽ കുറച്ച് ഓക്‌സിജൻ ഉണ്ടായിരുന്നെങ്കിലും കോൺസെൻട്രേറ്റർ സ്ഥാപിക്കാൻ എളുപ്പമായതിനാൽ കോൺസെൻട്രേറ്ററിൽ നിന്ന് ഓക്‌സിജൻ നൽകുകയായിരുന്നു'. മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. രാജേഷ് മഹാതോ പറഞ്ഞു. 'ഡീസൽ തീർന്നതിനാൽ വീണ്ടും നിറച്ച് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഏകദേശം പത്തു മിനിറ്റ് വേണ്ടി വരുമായിരുന്നു. ഇതിനിടയിൽ രോഗി മരിച്ചു'. അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഡോക്‌ടറുടെയും മാനേജരുടെയും അനാസ്ഥ ആരോപിച്ച ബന്ധുക്കൾ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടർന്ന് ഗിരിദിഹ് പൊലീസ് ആശുപത്രിയിലെത്തി. സംഭവത്തിൽ ഉന്നത തലത്തിൽ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ബിഡിഒ സോമനാഥ് ബങ്കിര അറിയിച്ചു.