ജയ്‌പൂര്‍ : ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളജില്‍ ബുധനാഴ്‌ച(12.07.2023) രാത്രിയായിരുന്നു സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗി മരണപ്പെടാന്‍ കാരണമായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍, രോഗി നേരത്തേതന്നെ മരച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആനന്ദപുര സ്വദേശിയായ വൈഭവ ശര്‍മയാണ് മരിച്ചത്. കുടല്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബം : ശസ്‌ത്രക്രിയക്ക് ശേഷം ഇയാളെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ബുധനാഴ്‌ച രാത്രി ഏകദേശം 11.30 ഓടുകൂടി ഇയാളുടെ ആരോഗ്യ നില വഷളാവാന്‍ ആരംഭിച്ചിരുന്നതായി വൈഭവിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. സിപിആര്‍ നല്‍കിയ ശേഷം ഇയാളെ രക്ഷിക്കുവാന്‍ ഡോക്‌ടര്‍മാര്‍ ശ്രമിച്ചിരുന്നു.
സിപിആര്‍ നല്‍കുന്ന സമയം സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടാവുകയും രോഗിയുടെ ഓക്‌സിജന്‍ മാസ്‌കിലേയ്‌ക്ക് പടരുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് രോഗിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്നതിന് മുമ്പേ തന്നെ രോഗി മരിച്ചിരുന്നതായാണ് ആശുപത്രി അധികൃര്‍ പറയുന്നത്.
മരണപ്പെട്ട വൈഭവിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഒരുമിച്ചുകൂടി മാനേജ്‌മെന്‍റിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. വൈഭവിന്‍റെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കൗണ്‍സില്‍ കണ്‍വീനര്‍ അനില്‍ തിവാരി ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ സംഗീത സക്‌സേന അറിയിച്ചു.
മരിച്ചുവെന്ന് വിധിയെഴുതിയ വ്യക്തി ജീവിതത്തിലേക്ക്: അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മാസം പഞ്ചാബില്‍ വച്ച് മരിച്ചുവെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ ആൾ ജീവിതത്തിലേക്ക് തിരികെയെത്തി. പഞ്ചാബിലെ ഹോഷിയാർപൂരിലെ രാം കോളനി ക്യാമ്പിലെ നംഗൽ ഷഹീദ് ഗ്രാമവാസിയായ ബഹദൂർ സിങ്ങാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബഹദൂർ സിങ്ങിന് ശ്വസനപ്രശ്‌നങ്ങളുണ്ടായിരുന്നു. കഠിനമായ ചുമയെത്തുടർന്ന് കുടുംബം അദ്ദേഹത്തെ ഐവിവൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിൽ എത്തിച്ച് നാല് മണിക്കൂറിന് ശേഷം ഡോക്‌ടർമാർ ബഹദൂർ സിങ് മരിച്ചെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ആശുപത്രി ബില്‍ അടച്ച് ശരീരം ഏറ്റുവാങ്ങുന്നതിനിടെ ബഹദൂർ സിങ്ങിന് അനക്കമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹത്തെ പിജിഐ എന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബഹദൂർ സിങ്ങിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.
ഐവിവൈ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ബഹദൂർ സിങ്ങിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഐവിവൈയിലെ ഡോക്‌ടർമാർ, മരിച്ചെന്ന് വിധിയെഴുതിയ ബഹദൂർ സിങ്ങും കുടുംബത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
ചുമയെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്‌ടർമാർ അദ്ദേഹത്തെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞപ്പോൾ നഴ്‌സുമാർ തന്നോട് മോശമായി പെരുമാറിയെന്ന് ബഹദൂർ സിങ്ങിന്‍റെ ഭാര്യ കുൽവീന്ദർ കൗർ ആരോപിച്ചു.