പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും ആശയറ്റവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യമില്ല ഒരു സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം എന്ന് തങ്ങളുടെ ചില മുന്‍ കാല വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമീണ വികസനത്തിനായുള്ള പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് പോലെ സാമൂഹ്യ ക്ഷേമം ഉറപ്പാക്കണമെന്ന മനോവികാരം പതുക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത സാക്ഷ്യപ്പെടുത്തുന്ന മറ്റൊന്നില്ല. സമൂഹത്തിലെ അത്യാവശ്യക്കാരായ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കി വരുന്ന സാമൂഹിക ക്ഷേമ പെന്‍ഷനുകളില്‍ യാതൊരു തരത്തിലുള്ള വളര്‍ച്ചയും ഉണ്ടാകാത്തതിനെ ഈ കമ്മിറ്റി അതിനിശിതമായി വിമര്‍ശിച്ചിരിക്കുന്നു. ആശയറ്റ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടി നടപ്പിലാക്കിയിരിക്കുന്ന ഈ പെന്‍ഷനുകള്‍ തീര്‍ത്തും തുച്ഛമായതാണെന്ന് ഈ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നു.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍പ്പെട്ട പ്രായമായവര്‍ക്കുള്ള വാര്‍ധക്യ കാല പെന്‍ഷന്‍ പ്രതിമാസം വെറും 200 മുതല്‍ 500 രൂപ വരെയാണ് നല്‍കി വരുന്നത്. 40 വയസിനു മുകളില്‍ പ്രായമുള്ള ദരിദ്ര വിധവകള്‍ക്കുള്ള പെന്‍ഷന്‍ 300 മുതല്‍ 500 രൂപ വരെയാണ്. 18-നും 79-നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കാവട്ടെ പെന്‍ഷനായി പ്രതിമാസം നല്‍കുന്നത് വെറും 300 രൂപയാണ്. ഇങ്ങനെ നല്‍കുന്ന ഈ തുച്ഛമായ തുക അതിന്‍റെ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ സഹായകമാകുന്നുണ്ടോ? ഈ പെന്‍ഷനുകള്‍ യുക്തിസഹമായ തലങ്ങളിലേക്ക് ഉയര്‍ത്തണമെന്നുള്ള ശുപാര്‍ശകള്‍ ഒന്നും തന്നെ ചെവി കൊള്ളുവാന്‍ ഗ്രാമീണ വികസന മന്ത്രാലയം തയ്യാറായിട്ടില്ല. ഇത്തവണയെങ്കിലും മന്ത്രാലയം ഈ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിശാലമനസ്സ് കാട്ടുമെന്ന് പ്രതീക്ഷിക്കാം. നിസഹായരായ ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ പാലിക്കേണ്ടതുണ്ട് എന്ന് ഈ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരിക്കുന്നു.
പട്ടിണി കൊണ്ട് വലയുന്ന വൃദ്ധജനങ്ങളുടെ ബുദ്ധിമുട്ടുകളും വിധവകളുടെ നിസ്സഹായതയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത ഭിന്നശേഷിക്കാരുടെ പ്രയാസങ്ങളുമൊക്കെ കണ്ടില്ലെന്ന് നടിക്കുന്നത് അപലപിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഈ വിഭാഗം ജനങ്ങളോട് കാണിക്കുന്ന ഇത്തരം അവഗണനാപരമായ സമീപനം ഒരു ക്ഷേമ രാഷ്ട്രമെന്ന ആശയത്തിന്‍റെ അന്തസത്തക്ക് നിരക്കുന്നതേയല്ല.
ഏകാന്തതയാണ് പ്രായാധിക്യത്തിന്‍റെ ഏറ്റവും വലിയ ശാപം. ദാരിദ്ര്യം കൊണ്ട് വലയുന്ന പ്രായമായ മനുഷ്യര്‍ രോഗികള്‍ കൂടിയാകുമ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി മാറുന്നു. ദേശീയ കുടുംബക്ഷേമ വകുപ്പ് അന്താരാഷ്ട്ര ജനസംഖ്യാ ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ത്ത് നടത്തിയ ഒരു സംയുക്ത സര്‍വെ ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ള 40 ശതമാനം വ്യക്തികളും ഇപ്പോഴും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് ഈ സര്‍വെ വെളിപ്പെടുത്തുന്നു. 2011ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 10.3 കോടിയാണ്. ഓരോ വര്‍ഷവും മൂന്ന് ശതമാനം വര്‍ധനവാണ് ഈ വിഭാഗം ജനങ്ങളില്‍ ഉണ്ടാകുന്നത്.
ഈ പ്രായത്തില്‍പെട്ട പകുതിയിലധികം പേരും വിട്ടുമാറാത്ത അസുഖങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെന്ന് സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളാകുന്നവരില്‍ ഏതാണ്ട് 20 ശതമാനവും പ്രായമായ മനുഷ്യരാണെന്ന് സ്ഥിതി വിവര കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്രായമായ ദരിദ്രരായ ജനങ്ങളില്‍ വെറും മൂന്ന് ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ നല്‍കി വരുന്ന വേതനവും ഈ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചൂണ്ടികാട്ടുന്നുണ്ട്. കൊവിഡ് കാലത്ത് പ്രായമായവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമെല്ലാം തൊഴില്‍ ലഭ്യമാക്കിയ ഈ പദ്ധതി പ്രകാരം ലഭിക്കുന്ന വേതനം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ഛത്തീസ്ഗഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് ലഭിക്കുന്ന വേതനം 190 രൂപയാണെങ്കില്‍ ആന്ധ്രയിലും തെലങ്കാനയിലും 237 രൂപയായി ഇവരുടെ വേതനം നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹരിയാനയില്‍ 309 രൂപയാണ് ലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നല്‍കുന്ന വേതനത്തിലുള്ള വ്യത്യാസത്തിനു പുറമെ അത് ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസവും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചൂണ്ടികാട്ടുന്നുണ്ട്. ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ പൂര്‍ണമായും പരാജയപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പിഴവുകള്‍ തിരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ അടിയന്തിരമായി തന്നെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഏറെ കൊട്ടിഘോഷിച്ച് പറയാറുണ്ട് ഗ്രാമീണ വികസന മന്ത്രാലയം. പക്ഷെ അതിന്‍റെ നിര്‍ദ്ദേശങ്ങളൊക്കെയും ഇപ്പോഴും നടപ്പിലാകാതെ കിടക്കുകയാണ്. വികസനത്തിന്‍റെ ഫലങ്ങള്‍ പാവപ്പെട്ടവരിലേക്ക് എത്തിച്ചേരാത്തിടത്തോളം കാലം വികസനം അപൂര്‍ണമായി തുടരും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളത്!