കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് അര്‍പിത മുഖര്‍ജിയുടെ ഫ്ലാറ്റില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത പണം തന്‍റേതല്ലെന്ന് ആവര്‍ത്തിച്ച് മുന്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. പണം ആരുടേതാണെന്നുള്ള സത്യം കാലം തെളിയിക്കുമെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. വൈദ്യപരിശോധനയ്‌ക്കായി ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ശക്തമായ ഗൂഢാലോചന നടന്നുവെന്നും പാര്‍ട്ടിയില്‍ നിന്നും തന്നെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം കേസിന്‍റെ നിഷ്‌പക്ഷമായ അന്വേഷണത്തെ സ്വാധീനിച്ചേക്കാം എന്നും ചാറ്റര്‍ജി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിക്കേസില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റു ചെയ്‌തത്. അറസ്റ്റിന് പിന്നാലെ മന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി.
ഫ്ലാറ്റുകളില്‍ നിന്ന് കോടിക്കണക്കിന് പണം കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും നടിയും മോഡലുമായ അര്‍പിത മുഖര്‍ജിയെയും ഇ.ഡി അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഉത്തരവാദി പാര്‍ത്ഥ ചാറ്റര്‍ജി മാത്രമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും നിയമനത്തില്‍ നടന്ന ക്രമക്കേടുകൾ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ അന്വേഷിക്കുകയാണ്. കേസിലെ പണമിടപാട് സംബന്ധിച്ച് ഇ.ഡിയും അന്വേഷിക്കുന്നുണ്ട്.