ന്യൂഡല്‍ഹി : ശീതകാല സമ്മേളനത്തിനിടെ (Parliament Winter Session) പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്‍റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം (INDIA Bloc Protest Against Opposition MP's Suspension). 146 പ്രതിപക്ഷ അംഗങ്ങളെയാണ് ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. ഇതിനെതിരെ ജന്തര്‍ മന്ദറിലാണ് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം (INDIA Alliance Protest In Jantar Mantar).
രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇന്ത്യ മുന്നണി ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലുമുള്ള മുന്നണിയുടെ നേതാക്കളാണ് ജന്തര്‍ മന്ദറിലെ ധര്‍ണയില്‍ പങ്കെടുത്തത്. ബിജെപി സര്‍ക്കാരിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സസ്‌പെന്‍ഷനിലുള്ള എംപിമാരില്‍ ഒരാളായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു (Sashi Tharoor On INDIA Bloc Protest Against BJP Government).
14 ദിവസം നീണ്ടുനിന്ന ശൈത്യകാല സമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്‌ചയെ കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ (Narendra Modi) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ (Amit Shah) പ്രസ്‌താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും തള്ളിയതോടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ തുടങ്ങിയത്. ഡിസംബര്‍ 14നായിരുന്നു എംപിമാര്‍ക്കെതിരായ ആദ്യ നടപടി. തുടര്‍ന്ന് ഡിസംബര്‍ 18, 19 തീയതികളിലും പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായി.
തങ്ങളുടെ ശബ്‌ദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് ഇതെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സസ്‌പെന്‍ഷന്‍ നടപടികളെ കുറിച്ച് പറഞ്ഞത്. സുപ്രധാന ബില്ലുകള്‍ പാസാക്കുന്ന വേളയില്‍ എതിര്‍ശബ്‌ദങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കല്‍ നടപടിയിലൂടെ ശ്രമിക്കുന്നതെന്നും ഇന്ത്യ മുന്നണി അംഗങ്ങള്‍ ആരോപിച്ചിരുന്നു.
പുറത്താക്കല്‍ നടപടിക്കെതിരെ പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഇന്ത്യ മുന്നണി തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുന്നത് (INDIA Bloc Nation Wide Protest Against Opposition MP Suspension).