ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ ആളിക്കത്തി രാജ്യസഭ (Rajya Sabha) നടപടികള്‍ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി ഇന്ത്യ (INDIA) ഇന്നും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ ബഹളത്തെ തുടര്‍ന്നാണ് തിങ്കാളാഴ്‌ച വരെ രാജ്യസഭ പിരിഞ്ഞത്. ഓഗസ്റ്റ് 7 രാവിലെ 11 മണിക്കാണ് സഭ വീണ്ടും ചേരുക.
അതേസമയം, ലോക്‌സഭയിലും (Lok Sabha) ഇതേവിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ സഭ നടപടികള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇന്ന് (ഓഗസ്റ്റ് 04) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സഭ നടപടികള്‍ പുനരാരംഭിച്ചത്.
നേരത്തെ, രാജസ്ഥാനിലെ ക്രമസമാധാന വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭ നേതാവ് പിയൂഷ് ഗോയല്‍ (Piyush Goyal) രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. രാജസ്ഥാനില്‍ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമായിരുന്നു പിയൂഷ് ഗോയല്‍ ഉന്നയിച്ചത്. അതേസമയം, ഇന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കര്‍ (Jagdeep Dhankar) സഭ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നത് മുതല്‍ തന്നെ പ്രതിപക്ഷ ബഹളം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തേക്ക് സഭ പിരിയാന്‍ നിര്‍ബന്ധിതരായത്.
പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തിന്‍റെ ഒന്നാം ദിനം മുതല്‍ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് സഭ നിര്‍ത്തിവച്ച് മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ വിഷയത്തെ കുറിച്ച് പ്രസ്‌താവന നടത്തണമെന്നതാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ ആവശ്യം. മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചകള്‍ നടത്താന്‍ ബിജെപി ഒരുക്കമാണെന്ന് ആറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രതികരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
ഇന്ത്യ മഹാസഖ്യം മണിപ്പൂരില്‍ : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മണിപ്പൂരിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂലൈ 29, 30 തീയതികളിലായിരുന്നു ഇന്ത്യയുടെ മണിപ്പൂര്‍ സന്ദര്‍ശനം. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളില്‍ എത്തിയ സംഘം പ്രദേശത്തെ ജനങ്ങളുമായി കൂടിക്കാഴ്‌ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
മണിപ്പൂരിലുള്ള ജനങ്ങള്‍ പറയുന്നത് കേട്ട ശേഷം അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുമെന്നും മണിപ്പൂരിലെത്തിയ സംഘം പറഞ്ഞിരുന്നു. മണിപ്പൂരിലെത്തിയ പ്രതിപക്ഷ മഹാസഖ്യത്തെ അവിടുത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്ങായിരുന്നു സ്വീകരിച്ചത്. സംഘര്‍ഷ മേഖലകളിലേക്ക് സന്ദര്‍ശനം നടത്തുന്നതിനായി ഓരോ മേഖലകളിലെയും പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായവും സംഘത്തിന് ലഭിച്ചിരുന്നു.