ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റ് ഇന്നും (ജൂലൈ 25) പ്രക്ഷുബ്‌ധമായേക്കും. വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയാകാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രതികരണവും സഭാനടപടികള്‍ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഇന്നലെ രാത്രിയില്‍ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ (INDIA) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആം ആദ്‌മി പാര്‍ട്ട് (AAP), തൃണമൂല്‍ കോണ്‍ഗ്രസ് (TMC) ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനായി കൈകോര്‍ത്തു. 'മണിപ്പൂരിനായി ഇന്ത്യ' (INDIA for Manipur) എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ധര്‍ണ നടത്തിയത്.
അതേസമയം ഇന്നലെ (ജൂലൈ 24) ആം ആദ്‌മി പാര്‍ട്ടി രാജ്യസഭ അംഗം സഞ്‌ജയ് സിങ്ങിനെ സഭയില്‍ നിന്നും ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കര്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. നടപ്പുസമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ഇക്കാര്യവും പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ കരുത്ത് കൂട്ടിയിരുന്നു.
സഞ്ജയ് സിങ്ങിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ നടപടിയിലൂടെ പ്രതിപക്ഷം ഭയപ്പെടില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപി ജെബി മേത്തര്‍ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരും.
പ്രതിപക്ഷം ഒറ്റക്കെട്ടായി ശക്തരായി നില്‍ക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുന്നത്. പാര്‍ലമെന്‍റില്‍ ഒരു പ്രസ്‌താവന നല്‍കാന്‍ എന്തിനാണ് പ്രധാനമന്ത്രി ഇത്ര പേടിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയും വിശദമായൊരു ചര്‍ച്ചയുമാണ് ഞങ്ങള്‍ക്ക് വേണ്ടത് - മാധ്യമങ്ങളോട് സംസാരിക്കവെ മേത്തര്‍ വ്യക്തമാക്കി.
വര്‍ഷകാല സമ്മേളനം ആരംഭിച്ച ആദ്യ ദിവസം മുതല്‍ തന്നെ പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമാണ്. നേരത്തെ, മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്‌ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രധാന മന്ത്രി നരേന്ദ്ര മോദി, മണിപ്പൂരിലെ സംഭവം രാജ്യത്തെയാകെ നാണം കെടുത്തിയെന്ന് പറഞ്ഞിരുന്നു. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണം കൂടിയായിരുന്നു ഇത്.