ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ 260ാം വര്‍ഷക്കാല സമ്മേളനം സമാപിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 20നാണ് പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചത്. വര്‍ഷക്കാല സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമായി. വിവിധ കാരണങ്ങള്‍ കൊണ്ട് നിരവധി സമയമാണ് സഭ സംഘര്‍ഷഭരിതമായത്. പാര്‍ലമെന്‍റിലെ 17 സമ്മേളനങ്ങളിലായി 50 മണിക്കൂറും 21 മിനിറ്റും സമയം സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഷ്‌ടമായി.
വിവിധ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കിടെ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു. പ്രധാനമായും മണിപ്പൂരിലെ അക്രമത്തെ കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷവും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
മണിപ്പൂര്‍ വിഷയത്തോടൊപ്പം തന്നെ കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യ കക്ഷിയായ ഇന്ത്യയും പ്രതിഷേധം തുടരും. സസ്‌പെന്‍ഷനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ മുന്നണി യോഗം ചേര്‍ന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു യോഗം. മണിപ്പൂര്‍ കലാപ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും ഏറെ പ്രകോപിതരാണ്. വിഷയം ചര്‍ച്ചക്കെടുക്കാത്ത സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളെ കുറിച്ച് പ്രതിപക്ഷം ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാകും യോഗം ചേരുക.
അധിര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍: പാര്‍ലമെന്‍റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്‌തത്. പ്രധാനമന്ത്രിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് സസ്‌പെന്‍ഷന് കാരണമായത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനിയാണെന്ന് ചൗധരി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്‍റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇന്നലെയാണ് (ഓഗസ്റ്റ് 10) സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
അതേസമയം അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയാന്‍ തയ്യാറായാല്‍ സ്‌പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സ്‌പീക്കര്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി ഡെറക് ഒബ്രിയാൻ ചെയർമാൻ ജഗ്‌ദീപ് ധൻഖറുമായി നടത്തിയ ചര്‍ച്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ നിരവധി സുപ്രധാന ബില്ലുകള്‍ പാസാക്കി.