ജഗ്‌തിയാൽ (തെലങ്കാന): പ്രണയിച്ച് വിവാഹം കഴിച്ച മകളുടെ തല മുണ്ഡനം ചെയ്‌ത് മാതാപിതാക്കൾ. ജഗ്‌തിയാൽ ജില്ലയിലെ ബാലപള്ളി റൂറൽ മണ്ഡലത്തിലാണ് സംഭവം. ജഗ്‌തിയാൽ സ്വദേശിയായ 23കാരനുമായി യുവതി (20) പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ ഇത് വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടി നാല് മാസം മുൻപ് മാതാപിതാക്കളെ എതിർത്ത് യുവാവിനെ വിവാഹം ചെയ്‌തു.
തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ച (നവംബർ 13) യുവതിയുടെ വീട്ടുകാർ ഭർതൃഗൃഹത്തിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു. യുവതിയുടെ മനസ് മാറ്റാനും തിരികെ വീട്ടിലേക്ക് വരാനും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങുന്നില്ലെന്ന് കണ്ടതിനെ തുടർന്ന് യുവതിയെ വീട്ടുകാർ വിട്ടയച്ചു.
തുടർന്ന് തിങ്കളാഴ്‌ച പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്ഐ അനിൽ പറഞ്ഞു.