ബെംഗളുരു: സംസ്ഥാനത്തെ ജയിലുകൾക്ക് മാതൃകയായി ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ. സംസ്ഥാനത്ത് ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ജയിൽ ഇപ്പോൾ കൊവിഡ് മുക്തം. നൂറിലധികം കൊവിഡ് കേസുകളാണ് ജയിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ജയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നിയന്ത്രണ നടപടികൾ ഫലം കണ്ടു. ഇപ്പോൾ എല്ലാവരും കൊവിഡ് മുക്തം.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരപ്പന അഗ്രഹാര ജയിലിൽ ഒറ്റ ദിവസത്തിൽ പത്തിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തടവുകാർക്കാണ് കൂടുതലും രോഗം ബാധിച്ചത്. തുടർന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മി ജയിൽ സന്ദർശിച്ച് കൊവിഡ് ബാധ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി.
20 ദിവസം കൊണ്ടാണ് ജയിൽ അധികൃതരുടെയും തടവുകാരുടെയും കൂട്ടായ പ്രവർത്തന ഫലമായി കൊവിഡിനെ പിടിച്ചുകെട്ടാനായത്. കഴിഞ്ഞ ആഴ്ച മുതൽ ജയിലിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 4643 തടവുകാരാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര ജയിലിലുള്ളത്.
കൊവിഡിനെ നിയന്ത്രിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെ
ജയിലിലേക്ക് വരുന്ന അന്വേഷണ തടവുകാർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാണ്. ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് ദിവസത്തിൽ രണ്ട് തവണ ജയിൽ അധികൃതർ കഷായം നൽകും. തടവുകാരുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മരുന്നുകൾ ഉണ്ട്.
മൂന്ന് ദിവസത്തെ അവധിക്ക് പോകുന്ന എല്ലാ ജയിൽ സ്റ്റാഫുകൾക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അഞ്ച് തടവുകാർക്ക് മാത്രമേ ബാരക്കുകളിൽ തുടരാനുള്ള അനുമതി ഉള്ളൂ. ജലദോഷം, പനി, ചുമ എന്നിവയുള്ള തടവുകാരെ പ്രത്യേകമായി ചികിത്സിക്കും. ജയിലിനുള്ളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. സാനിറ്റൈസർ ഉപയോഗിച്ച് ജയിൽ ശുദ്ധീകരിക്കും.
Also Read: ആരാധനാലയങ്ങൾ തുറക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
ജയിലിലേക്ക് വരുന്ന ഏതൊരു പ്രതിക്കും ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. തടവുകാരെ കാണാൻ വരുന്നവർക്കും ജയിലിൽ കർശന നിയന്ത്രണം ഉണ്ട്.