ഛണ്ഡിഗഡ്: പെണ്‍കുട്ടിക്ക് ജന്മം നല്‍കി എന്ന പേരില്‍ 'ശിക്ഷ'യായി ഭര്‍ത്താവിന്‍റെ കാല്‍പാദം നിര്‍ബന്ധിപ്പിച്ച് നക്കിപ്പിച്ചുവെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിനിയാണ് ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചാന്ദ്‌നിബാഗ് പൊലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയതായും യുവതിയുടെ പരാതിയിലുണ്ട്.
'ആശുപത്രിയില്‍വച്ചും അധിക്ഷേപം': ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ദിവ്യാൻഷിനും കുടുബത്തിനുമെതിരെയാണ് യുവതിയുടെ ആരോപണങ്ങള്‍. 2017 ഡിസംബർ ഏഴിന് ഇയാളുമായുണ്ടായ വിവാഹ സമയത്ത് അമ്പത് ലക്ഷം സ്‌ത്രീധനമായി നൽകിയിരുന്നു. എന്നാല്‍, ഈ തുകയില്‍ ഭര്‍തൃവീട്ടുകാര്‍ അതൃപ്‌തി കാണിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോൾതന്നെ മാനസിക പീഡനം ആരംഭിച്ചു.
പെൺകുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽവച്ച് ഭർതൃവീട്ടുകാർ പരിഹസിക്കുകയുണ്ടായി. ഭർത്താവിന്‍റെ കാലുകൾ നിര്‍ബന്ധിപ്പിച്ച് നക്കിതുടപ്പിച്ചു. 15 ലക്ഷം വിലയുള്ള കാർ വാങ്ങി നൽകാന്‍ വീട്ടുകാരോട് പറയാന്‍ യുവതിയെ നിര്‍ബന്ധിപ്പിക്കുകയും ചെയ്‌തു. അല്ലെങ്കില്‍, ഭർത്താവിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്നും ദിവ്യാൻഷിന്‍റെ കുടുംബം ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
'അന്വേഷണം ഊര്‍ജിതം': ദിവ്യാൻഷ് ഗുപ്‌ത, ഭർതൃപിതാവ് നാഗിൻ ഗുപ്‌ത, ഭര്‍തൃമാതാവ് പ്രമീള, ദിവ്യാന്‍ഷിന്‍റെ സഹോദരി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 354 എ, 406, 506, 498 എ, 34 വകുപ്പുകൾ പ്രകാരം കേസെടുത്തു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.