ഹൈദരാബാദ്: വീട്ടിൽ വളർത്തുമൃഗങ്ങളുള്ള ആളുകൾക്കിടയിലും പരിഭ്രാന്തി സൃഷ്ടിച്ച് കൊവിഡ്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിനിടയിൽ ഹൈദരാബാദ് നെഹ്റു മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിസിഎംബിയില്‍ ഉമിനീർ പരിശോധനയിലാണ് ഹൈദരാബാദ് നെഹ്റു മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മൃഗങ്ങളിലെ വൈറസ് പുതിയ വകഭേദമല്ല
സിംഹങ്ങളിൽ കാണപ്പെടുന്ന വൈറസ് പുതിയ വകഭേദമല്ല. സിംഹങ്ങള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായും സാധാരണ രീതിയില്‍ പെരുമാറുകയും ഭക്ഷണം കഴിക്കുന്നതായും പ്രീമിയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉപദേഷ്ടാവ് രാകേഷ് മിശ്ര പറഞ്ഞു.
മൃഗശാലയിലെ ഉദ്യോഗസ്ഥരിലൂടെയാകാം സിംഹങ്ങൾക്ക് രോഗം പിടിക്കപ്പെട്ടതെന്നും മിശ്ര പറഞ്ഞു. സിംഹങ്ങളിൽ ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ സാമ്പിളുകൾ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സിംഹങ്ങളെ പരിപാലിക്കുന്നവർക്ക് പിപിഇ കിറ്റുകൾ നൽകിയിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചിരുന്നു. വന്യമൃഗങ്ങളിൽ നിന്ന് ഉമിനീർ സാമ്പിളുകൾ ശേഖരിക്കുന്നതിൽ ബുദ്ധിമുട്ട് ഉള്ളതിനാൽ മൃഗങ്ങളുടെ കാഷ്ടം പരിശോധിക്കുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഭ്രാന്തി വേണ്ടെന്ന് ഡോക്ടര്‍മാര്‍
നിരവധി പേരാണ് ഇതിനോടകം കൊവിഡ് പരിശോധിക്കാൻ വളർത്തുമൃഗങ്ങളുമായി വെറ്റിനറി ക്ലിനിക്കുകളിൽ ക്യൂ നിൽക്കുന്നത്. സെക്കന്തരാബാദ് ബോയിഗുഡ ആശുപത്രിയിൽ വളർത്തു നായക്ക് രോഗം നിർണയം നടത്താൻ വന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ നായകളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വെറ്ററിനറി ഡോക്ടർ നാഗരാജു പറഞ്ഞു. അതേസമയം മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാമെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സുവോളജിക്കൽ പാർക്കുകൾ, ദേശീയ പാർക്കുകൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ അടച്ചുപൂട്ടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അടുത്തിടെ നിർദേശിച്ചിരുന്നു. ഇതുപ്രകാരം മൃഗശാലകൾ, കകതിയ സുവോളജിക്കൽ പാർക്ക്, വാറങ്കൽ, കവാൽ, അമ്രാബാദ് കടുവ സംരക്ഷണ കേന്ദ്രങ്ങൾ, തെലങ്കാനയിലെ എല്ലാ ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും മെയ് 2 മുതൽ അടച്ചിരിക്കുകയാണ്.
കൂടുതൽ വായനയ്‌ക്ക്: ഹൈദരാബാദ് നെഹ്റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്