റാഞ്ചി: ആയിരകണക്കിനു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ചിലപ്പോൾ കൊച്ചു മുറിയിലോ ഷെഡിലോ ആയിരിക്കാം തുടങ്ങിയതെന്ന് കേട്ടിട്ടില്ലേ? സമാന രീതിയിലാണ് ജാര്‍ഖണ്ഡിലെ ഒരു സംരംഭവും ഉടലെടുത്തത്. അവിടെ ഒരു ചെറിയ മുറിയിൽ സ്‌നേഹവും പരിലാളനയും ചേർത്ത് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ലോകത്തിലെ ഓരോ മുക്കിലും മൂലയിലും സുഗന്ധം പരത്താന്‍ പോവുകയാണ്.
അന്താരാഷ്ട്ര തലത്തിലായിരിക്കും റാഞ്ചിയിലെ നംകും ബ്ലോക്കിലെ ശോഭാ ദീദിയും അറിയപ്പെടുക. 2008ലാണ് ദീദിയുടെ പോരാട്ടത്തിന്‍റെ കഥ ആരംഭിക്കുന്നത്. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയ അവളെ കാത്തിരുന്നത് ദുരിത ജീവിതമായിരുന്നു. സാമ്പത്തിക പ്രതിസന്ധി അവളെ സ്വയം സഹായ ഗ്രൂപ്പുകളിലേക്ക് എത്തിച്ചു. ചേന, മാമ്പഴം, പച്ചമുളക്, മുളം തണ്ട് എന്നിവ ഉപയോഗിച്ച് അച്ചാറുകള്‍ തയ്യാറാക്കാൻ തുടങ്ങി. അവിടെ നിന്നാണ് അവൾ വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.
പണം സമ്പാദിക്കാന്‍ തുടങ്ങിയപ്പോഴേക്കും വീടു പണി ആരംഭിച്ചു. ചെറിയ ഒരു മുറിയാണെങ്കിലും സ്വയം സഹായ സംഘത്തിലെ സഹോദരിമാര്‍ അവിടെ ഒന്നിച്ചു ചേരും. കഠിനാധ്വാനം ചെയ്യും. അച്ചാറുകള്‍ നിർമിച്ച് ആദ്യം ഡ്രമ്മുകളില്‍ സൂക്ഷിക്കും. പിന്നീട് പെട്ടികളിലാക്കും. ചിലര്‍ ലേബല്‍ ഒട്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ ബോക്‌സ് സീല്‍ ചെയ്യും. ഈ പോരാട്ടത്തിന് ഇപ്പോൾ 12 വയസാണ്.
പതിയെ അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ ജീവിതം മാറി മറിയുകയും ചെയ്‌തു. അവരുടെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. ഹല്‍ദിയ എന്ന ഒരു തരം പാനീയം നഗരത്തിലും പട്ടണങ്ങളിലും ചന്തകളിലുമൊക്കെ വില്‍ക്കുന്നവരായിരുന്നു ഈ സ്ത്രീകള്‍. എന്നാല്‍ ഇന്ന് അവര്‍ നിർമിക്കുന്ന ഉല്‍പന്നങ്ങള്‍ ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലും എത്തി ചേരുന്ന സാഹചര്യമാണ് വന്നെത്തിയത്.
ജാര്‍ഖണ്ഡിലെ ഗ്രാമീണ വികസന വകുപ്പിന്റെ ഘടകമായ ജെഎസ്എല്‍പിഎസാണ് സ്ത്രീകളെ സഹായിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് 'പലാഷ്' എന്ന ബ്രാന്‍ഡ് നാമവും ലഭിച്ചു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉൽപന്നന്നങ്ങള്‍ക്കായി കൗണ്ടറുകളുണ്ട്. വലിയ ഉദ്യോഗസ്ഥർക്ക് പോലും ഈ സഹോദരിമാരുടെ ഉല്‍പന്നങ്ങള്‍ ഇഷ്‌ടമാണ്. 37ലധികം വിവിധ ഉല്‍പന്നങ്ങള്‍ ഇവർ തയ്യാറാക്കുന്നു. അതിലൊന്നാണ് മുരിങ്ങയില ചായ.
മുരിങ്ങയില കൊണ്ടുണ്ടാക്കുന്ന ചായപ്പൊടിയാണത്. ടെട്രാ പായ്ക്കുകളിലാക്കിയ ആട്ടിന്‍ പാലാണ് മറ്റൊരു ഉല്‍പന്നം. ഇതുകൂടാതെ തേനുകള്‍, ചുവന്ന അരി, ഹെര്‍ബല്‍ സോപ്പുകള്‍, പുളി കൊണ്ടുണ്ടാക്കിയ കേക്ക്, ജാമൂന്‍ കൊണ്ടുണ്ടാക്കിയ വിനാഗിരി, മരുവയിലപ്പൊടി, അച്ചാറുകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളുണ്ട് അക്കൂട്ടത്തില്‍. താമസിയാതെ ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് മാര്‍ട്ട് എന്നിവയിലൂടെ ഉല്‍പ്പന്നങ്ങള്‍ എത്താന്‍ പോവുകയാണ്. 2023-24 ആകുമ്പോഴേക്കും ആയിരം കോടി രൂപയുടെ വിറ്റുവരവാണ് കണക്കാക്കുന്നത്.
ശോഭാ ദീദിയെ പോലെ 1,09,000 സ്ത്രീകള്‍ ജാര്‍ഖണ്ഡില്‍ സംരംഭകരായി മാറിയിരിക്കുന്നു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോഴാണ് ഒരു സമൂഹം ശക്തമായി മാറുന്നതെന്ന് പറയാറുണ്ട്. അതിനാവശ്യമായ അടിത്തറ ഝാര്‍ഖണ്ഡില്‍ ഇതിനോടകമായി കഴിഞ്ഞു. അത് ബലപ്പെടുത്തേണ്ട ആവശ്യമേ ഇനിയുള്ളൂ.