ന്യൂഡൽഹി: ഇന്ത്യൻ പരുത്തി ഇറക്കുമതി ചെയ്യാനുള്ള നിർദേശം പാകിസ്ഥാൻ നിരസിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്ഥാൻ സർക്കാർ ബുധനാഴ്‌ച അംഗീകാരം നൽകിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യാനുള്ള സാമ്പത്തിക ഏകോപന സമിതിയുടെ നിർദേശം പാക് മന്ത്രിസഭ തള്ളിയത്.
ഇന്ത്യയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാനുതകുന്ന ഇമ്രാൻ ഖാൻ സർക്കാരിന്‍റെ തീരുമാനത്തെ പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും വിമർശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മലക്കംമറിച്ചിലെന്നാണ് സൂചന. ആർട്ടിക്കിൾ 370ൽ മാറ്റമുണ്ടാകുന്നതുവരെ ഇന്ത്യയുമായി വ്യാപാരമുണ്ടാകില്ലെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു.
2019 ഓഗസ്റ്റിൽ ജമ്മുകശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 അസാധുവാക്കിയതും സംസ്ഥാനത്തെ രണ്ട് പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും മുതൽ പാകിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിഛേദിച്ചിരുന്നു.