ചണ്ഡീഗഢ് (പഞ്ചാബ്) : പഞ്ചാബിലെ പത്താൻക്കോട്ട് ജില്ലയിലെ അന്തർ ദേശീയ അതിർത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്‌എഫ് വെടിവച്ചു കൊന്നു. പത്താൻക്കോട്ടിലെ സിമ്പൽ സകോൽ ഗ്രാമത്തിൽ തിങ്കളാഴ്‌ച അർധരാത്രി 12.30യ്‌ക്ക് സംശയാസ്‌പദമായി കണ്ട ആളെയാണ് ബിഎസ്‌എഫ് കൊന്നത്. 'നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാല്‍ അതു വക വയ്‌ക്കാതെ വീണ്ടും മുന്നോട്ടു വന്നതിനാലാണ് തങ്ങൾക്ക് വെടിവയ്‌ക്കേണ്ടി വന്നതെന്ന്' ബിഎസ്‌എഫ് പറഞ്ഞു.
സംഭവ സ്ഥലത്ത് വച്ചു തന്നെ വെടിയേറ്റ ആൾ കൊല്ലപ്പെട്ടു. മുൻപേ തന്നെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു സൈന്യത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നു അതിർത്തിയിൽ കനത്ത ജാഗ്രത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച പഞ്ചാബിലെ ഥരൺ തരൺ അതിർത്തിയിൽ സമാന സാഹചര്യത്തിൽ സൈന്യം രണ്ട് പേരെ വെടി വച്ചു കൊന്നിരുന്നു. അവരെ തിരിച്ചറിയാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല അതിർത്തി ഭാഗത്തു നിന്നു നിരോധിത വസ്‌തുക്കളും കണ്ടെടുത്തു.
ഈ മാസം തന്നെ പഞ്ചാബ് അതിർത്തിയിൽ നിന്നും രണ്ട് പാകിസ്ഥാനികളെ അറസ്റ്റ് ചെയ്‌തിരുന്നു. കൂടാതെ 316 കിലോഗ്രാം മയക്കുമരുന്നും 67ഓളം ആയുധങ്ങളും ഹെറോയ്‌നും കണ്ടെടുത്തു. ഇത്തരത്തിൽ ഈ വർഷം 23 പാകിസ്ഥാൻ പൗരന്മാരെ വ്യത്യസ്‌ത സംഭവങ്ങളിലായി പിടികൂടിയിരുന്നു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോണുകൾ വഴി മയക്കു മരുന്നു കടത്താനുള്ള ശ്രമവും സൈന്യം പരാജയപ്പെടുത്തി. 22 ഡ്രോണുകൾ ഇത്തരത്തിൽ പിടിച്ചെടുത്തു.
അതിർത്തിയിൽ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇനിയും നുഴഞ്ഞു കയറ്റ സാധ്യതയുള്ളതിനാൽ ഇവിടെ കനത്ത നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.