ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിലധികം, 90 ഡിഗ്രി വളഞ്ഞ കഴുത്തുമായി ജീവിച്ച പാകിസ്ഥാനി പെണ്‍കുട്ടിക്ക് ചികിത്സ നല്‍കി ഇന്ത്യന്‍ ഡോക്‌ടര്‍. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള അഫ്ഷിന്‍ എന്ന 12കാരിയാണ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിത്തിലേക്ക് മടങ്ങിയെത്തുന്നത്. പത്തുമാസം പ്രായമുള്ളപ്പോഴാണ് ഒരു അപകടത്തില്‍ പെട്ട് അഫ്‌ഷിന്‍റെ കഴുത്തിന് വളവു സംഭവിച്ചത്.
ചികിത്സിച്ചെങ്കിലും പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ് ചെയ്‌തത്. തുടര്‍ന്ന് പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും അഫ്‌ഷിന് സാധിക്കാതെ വന്നു.
വളഞ്ഞ കഴുത്തിനൊപ്പം സെറിബ്രൽ പാൾസിയും: കഴുത്തിന്‍റെ വളവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം അഫ്‌ഷിന്‍ സ്‌കൂളില്‍ പോകുകയോ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയോ ചെയ്‌തിരുന്നില്ല. ദിവസം ചെല്ലുന്തോറും അവളുടെ ആരോഗ്യം മോശമായി വന്നു. ഇതിനിടയില്‍ അവള്‍ക്ക് സെറിബ്രൽ പാൾസിയും ബാധിച്ചു. അതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
ദൈവം ഡോക്‌ടറുടെ രൂപത്തില്‍: അഫ്‌ഷിന്‍റെ അമ്മ അവളെ പരിശോധനക്കായി ഒരു മെഡിക്കല്‍ ക്യാമ്പില്‍ കൊണ്ടുപോയി. കഴുത്ത് വളഞ്ഞ പെണ്‍കുട്ടിയെ ക്യാമ്പിലെത്തിയ ആളുകള്‍ ശ്രദ്ധിച്ചു. ചിലര്‍ അവളുടെ ചിത്രങ്ങളെടുത്തു.
പെണ്‍കുട്ടിയുടെ ചിത്രം ശ്രദ്ധയില്‍ പെട്ട പാകിസ്ഥാനി നടന്‍ അഹ്‌സൻ ഖാന്‍, 'അഫ്‌ഷിന് നമ്മുടെ സഹായം ആവശ്യമാണ്' എന്ന തലക്കെട്ടോടെ ചിത്രം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. ചിത്രം ശ്രദ്ധയില്‍ പെട്ട അപ്പോളോ ആശുപത്രിയിലെ ഡോ. രാജഗോപാലൻ കൃഷ്‌ണൻ കുട്ടിയെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ചികിത്സ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
ചികിത്സ ചെലവ് ഓൺലൈൻ ധനസമാഹരണത്തിലൂടെ: ഓൺലൈൻ ധനസമാഹരണത്തിലൂടെയാണ് ചികിത്സയ്ക്കുള്ള ഭീമമായ പണം സമാഹരിച്ചത്. ചികിത്സ വളരെ സങ്കീർണമായിരുന്നു. ചികിത്സക്കിടെ അവളുടെ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവർത്തനം നിലച്ചേക്കുമെന്ന് ഡോക്‌ടർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അഫ്‌ഷിന്‍റെ ശരീരത്തില്‍ നാല് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു പ്രധാന ശസ്ത്രക്രിയ. ചികിത്സ കഴിഞ്ഞ് 6 മാസം പൂർത്തിയാകുമ്പോള്‍ അവൾ പൂർണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വീഡിയോ കോളിലൂടെ എല്ലാ ആഴ്‌ചയും അഫ്‌ഷിന്‍റെ ആരോഗ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഡോ. രാജഗോപാലൻ കൃഷ്‌ണൻ.