സാംബ : ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയിക്കുന്നയാളെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ 2.50ന് സാംബ സെക്‌ടറിലെ മാംഗു ചാക് ബോർഡർ ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാംബ സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് സേന തെരച്ചിൽ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ബാരാമുള്ളയിലും നുഴഞ്ഞുകയറ്റം, വെടിയുതിർത്ത് സൈനികർ : മാർച്ച് 15നായിരുന്നു ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സംഭവത്തിൽ നിയന്ത്രണ രേഖ കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരിയെന്ന് സംശയിക്കുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ചുകൊന്നു. പാക് അധീന കശ്‌മീരിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരിയാണെന്നുള്ള സംശയത്തെ തുടർന്നാണ് സേനയുടെ നടപടി.
കമൽകോട്ട് മേഖലയിൽ നിയന്ത്രണരേഖ കടന്ന് അതിർത്തി വേലിക്ക് സമീപത്തേക്ക് വരികയായിരുന്നു സ്‌ത്രീക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്.
Also read : ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരിയെന്ന് കരുതുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി : ഏപ്രിൽ മാസത്തിന്‍റെ തുടക്കത്തിലും നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഏപ്രിൽ ഒന്‍പതിന് പുലർച്ചെ 2.15നാണ് സംഭവം. പൂഞ്ചിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പെരെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് 14 പാക്കറ്റുകളിലായി സൂക്ഷിച്ച ലഹരിമരുന്നും പാകിസ്ഥാനി കറൻസിയും ചില രേഖകളും ഭക്ഷണ പദാർഥങ്ങളും സൈന്യം കണ്ടെത്തുകയും ചെയ്‌തു.
കമൽകോട്ടിലെ നുഴഞ്ഞുകയറ്റം : ഉറിയിലെ കമല്‍കോട്ടില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊലപ്പെടുത്തിയിരുന്നു. കമൽകോട്ട് സെക്‌ടറിൽ മഡിയൻ നാനാക് പോസ്റ്റിന് സമീപമായിരുന്നു നുഴഞ്ഞുകയറ്റം ഉണ്ടായത്. പ്രദേശത്ത് നുഴഞ്ഞുകയറുകയായിരുന്ന മൂന്ന് പേരെയും സൈന്യവും ബാരാമുള്ള പൊലീസും ചേര്‍ന്ന് വധിച്ചുവെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും സൈന്യം കണ്ടെത്തി. ജമ്മുവിലെ രജൗരി മേഖലയിലും സമാനമായ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. രാജ്യത്തെ സമാധാനം തകർക്കാൻ പടിഞ്ഞാറൻ അതിർത്തികളിലൂടെ ശത്രുക്കള്‍ നേരിട്ട് ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് വിഷയത്തിൽ സൈന്യം പ്രതികരിച്ചത്.
Also read : ഉറിയില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് സൈന്യം
രജൗരിയിലും ബാരാമുള്ളയിലും ഏറ്റുമുട്ടൽ, രണ്ട് ഭീകരരെ വധിച്ച് സൈന്യം : വടക്കൻ കശ്‌മീരിലെ ബാരാമുള്ളയിൽ ഒരു ഭീകരനെയും രജൗരിയിലെ കാൻഡി വനത്തിൽ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. അഞ്ച് സൈനികർ മേഖലയില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടി. ബാരാമുള്ളയിലെ കരഹാമ കുൻസറിലാണ് ഏറ്റുമുട്ടലുണ്ടായത്.
രജൗരിയിലെ ഏറ്റുമുട്ടൽ: രജൗരിയിലെ കാൻഡി വനത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റൊരു ഭീകരന് പരിക്കേറ്റു. ജമ്മു കശ്‌മീരിലെ രജൗരിയിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. കാൻഡി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസും സുരക്ഷാസേനയും പ്രദേശം വളഞ്ഞത്.
2023 മെയ് മൂന്നിന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു, 2023 മെയ് അഞ്ചിന് രാവിലെ തെരച്ചിൽ സംഘം ഒരു ഗുഹയിൽ തീവ്രവാദികളെ കണ്ടെത്തി. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും രണ്ട് സൈനികർ സംഭവസ്ഥലത്ത് വച്ചും മൂന്ന് സൈനികർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു.
Also read : തിരിച്ചടിച്ച് സൈന്യം, ബാരാമുള്ളയിലും രജൗരിയിലും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു