പട്‌ന: മുസാഫർപൂർ ജില്ലയിലെ ലിച്ചി ഫാമുകളിൽ കാക്കകൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. രണ്ട് ഡസനിലധികം കാക്കകളെയാണ് ഇതുവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതോ കീടനാശിനികളടങ്ങിയ ധാന്യങ്ങൾ കഴിച്ചതോ ആവാം പക്ഷികൾ മരിക്കാൻ കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കാക്കകളുടെ മൃതദേഹങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ യഥാർഥ കാരണം കണ്ടെത്താൻ കഴിയൂ എന്നും മൃഗസംരക്ഷണ ഓഫീസർ സുനിൽ രഞ്ജൻ സിംഗ് പറഞ്ഞു.
ജനുവരിയിൽ പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിൽ പടർന്നുപിടിച്ച ഏവിയൻ ഇൻഫ്ലുവൻസ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേരളം, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.